X

വനിതാ സംവരണ ബില്‍: ലോക്‌സഭയിലെ ചര്‍ച്ചയില്‍ സോണിയാ ഗാന്ധി സംസാരിക്കും

വനിതാ സംവരണ ബില്ല് പാര്‍ലമെന്റ് ഇന്ന് പാസാക്കിയേക്കും. ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കായി ഏഴ് മണിക്കൂറാണ് നീക്കി വച്ചിട്ടുള്ളത്. സോണിയ ഗാന്ധിയാകും കോണ്‍ഗ്രസില്‍ നിന്ന് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ആദ്യം സംസാരിക്കുക. ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി അതിവേഗം ബില്‍ പാസാക്കാനാണ് നീക്കം.

ബില്‍ പാസാകുന്നതോടെ പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ പാസാക്കുന്ന ആദ്യ ബില്ലായി ഇതുമാറും. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍. 128മത് ഭരണഘടനാ ഭേദഗതി ബില്ലാണ്. സംവരണം എപ്പോള്‍ മുതല്‍ നടപ്പാകും എന്നത് നിയമമന്ത്രി അര്‍ജുന്റാം മേഘ്‌വാളിന്റെ മറുപടിയില്‍ അറിയാനാകും.

വനിതാ സംവരണബില്‍ യാഥാര്‍ഥ്യമാകുന്നതോടെ കേരളനിയമസഭയില്‍ 46 വനിതാ എം.എല്‍എമാര്‍ വരും. കേരളത്തില്‍ നിന്ന് ആറ് വനിതകള്‍ പാര്‍ലമെന്റിലും എത്തും. ഇതോടെ കുത്തക സീറ്റുകളും സ്ഥാനങ്ങളും മാറിമറിയും. മുന്നണികളിലെ സീറ്റ് ധാരണകളിലും വലിയമാറ്റത്തിന് സാധ്യതയുണ്ട്.

വര്‍ഷങ്ങള്‍ കഠിനാധ്വാനം ചെയ്തിട്ടും തിരഞ്ഞെടുപ്പ് വരുമ്പോള്‍ അകറ്റിനിര്‍ത്തപ്പെട്ട വേദനയില്‍ പാര്‍ട്ടിവിടേണ്ടി വന്ന വനിതാനേതാക്കളുള്ള കേരളത്തില്‍ വനിതാ സംവരണ ബില്‍ വലിയ മാറ്റമാണ് വരുത്താന്‍ പോകുന്നത്. ബില്ലിലുള്ളതെല്ലാം യാഥാര്‍ഥ്യമായാല്‍ കേരള നിയമസഭയിലും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളിലും വനിതാ പ്രാതിനിധ്യം വന്‍തോതില്‍ വര്‍ധിക്കും.

ആകെയുള്ള 140 നിയമസഭാഗംഗങ്ങളില്‍ 46 എംഎല്‍എമാര്‍ വനിതകളാകും. ജനറല്‍ സീറ്റില്‍ ജയിച്ചുവന്ന വനിതകള്‍ അവിടെ തന്നെ തുടര്‍ന്നാല്‍ എണ്ണം വീണ്ടും കൂടാം. 20 പാര്‍ലമെന്റ് സീറ്റുകളില്‍ ആറെണ്ണം വനിതാ സംവരണമാകും. ഇതോടെ സ്ത്രീകളുടെ പൊതുരംഗത്തെയും ഭരണരംഗത്തെയും പ്രാതിനിധ്യം കൂടും. ഒപ്പം കുത്തക സീറ്റുകളും ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങിയുള്ള രാഷ്്ട്രീയ പ്രവര്‍ത്തന രീതിയും മാറും.

തോല്‍ക്കുന്ന സീറ്റുകളിലേക്ക് സ്ത്രീകളെ നിര്‍ത്തുന്ന പതിവ് ഇനി നടക്കില്ല. അതിലും അപ്പുറം പ്രധാന പാര്‍ട്ടികളും മുന്നണികളും പാര്‍ട്ടിസ്ഥനങ്ങളിലേക്കും ചുമതലകളിലേക്കും കൂടുതല്‍വനിതകളെ കൊണ്ടുവരേണ്ടിയും വരും. പാര്‍ലമെന്ററി രംഗത്തുമാത്രമാവില്ല മാറ്റമുണ്ടാകുന്നതെന്ന് സാരം. കാലങ്ങളായി ഇരുമുന്നണികളും തുടരുന്ന സീറ്റ് വിഭജന മാനദണ്ഡങ്ങളും മാറ്റേണ്ടിവരും.

webdesk13: