മുംബൈ: ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വനിതകളുടെ തീപ്പാറും പോരാട്ടം. പ്രഥമ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് എലിമിനേറ്ററില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സും അട്ടിമറിക്കാരായ യു.പി വാരിയേഴ്‌സും നേര്‍ക്കുനേര്‍. ഈ മല്‍സരത്തില്‍ വിജയം സ്വന്തമാക്കുന്നവരായിരിക്കും ഡല്‍ഹി ക്യാപിറ്റല്‍സുമായി ഫൈനല്‍ കളിക്കുക. വളരെ ഗംഭീരമായി തുടങ്ങി ഇടക്കൊന്ന് പതറിയവരാണ് ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ. സ്മൃതി മന്ദാന നയിച്ച ബെംഗളുരു സൂപ്പര്‍ സംഘത്തെയും പിറകിലാക്കി എലിമിനേറ്ററില്‍ എത്തിയവരാണ് യു.പി. അവരുടെ പ്രതീക്ഷ പരുക്കില്‍ നിന്നും മുക്തയായി എത്തുന്ന ഗ്രേസ് ഹാരിസാണെങ്കില്‍ മുംബൈയുടെ തുരുപ്പ് ചീട്ട് നായിക ഹര്‍മന്‍ പ്രീത് തന്നെ.
അതിനിര്‍ണായക മല്‍സരത്തില്‍ ഗുജറാത്തുകാരെ വിറപ്പിച്ചാണ് യു.പിക്കാരുടെ വരവ്. ഗ്രേസ് ഹാരിസ് പ്രകടിപ്പിച്ച മികവിലായിരുന്നു ത്രില്ലര്‍ വിജയം. ഇത് വരെ കളിച്ച മല്‍സരങ്ങളില്‍ നിന്നായി 1161 റണ്‍സാണ് യു.പി വനിതകള്‍ സ്വന്തമാക്കിയത്. ഇതില്‍ 663 റണ്‍സും സംഭാവന ചെയ്ത മധ്യനിരയില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ഹാരിസിനെ കൂടാതെ താഹില മക്ഗ്രാത്തും അപാര ഫോമില്‍ കളിക്കുന്നത് മുംബൈക്ക് വെല്ലുവിളിയാണ്.മുംബൈക്ക്് ടെന്‍ഷന്‍ അവസാനം കളിച്ച മൂന്ന് മല്‍സരങ്ങളില്‍ രണ്ടിലും തോറ്റതാണ്. ഹര്‍മന്‍പ്രീത് നയിക്കുന്ന മധ്യനിരയാണ് ടീമിന്റെ നട്ടെല്ല്. അമേലിയ കെര്‍, പുജാ വട്‌സാര്‍ക്കര്‍, ഇസി വോംഗ് എന്നിവരും സാമാന്യം നന്നായി കളിക്കുന്നു.