X

സര്‍ക്കാര്‍ ധൂര്‍ത്ത് തുടരുന്നു; വനിതാ കമ്മീഷനായി പുതിയ ആസ്ഥാന മന്ദിരം, മോടിപിടിപ്പിക്കാന്‍ മാത്രം 75 ലക്ഷം രൂപ

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ധൂര്‍ത്ത് തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ വനിതാ കമ്മീഷന് പുതിയ ആസ്ഥാനമൊരുങ്ങുന്നു. കെട്ടിടത്തിന്റെ ഉള്‍വശം മോടിപിടിപ്പിക്കാന്‍ മാത്രം 75 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

വനിതാ കമ്മീഷനായി പുതിയ ആസ്ഥാന മന്ദിരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിലെ ഏഴാം നിലയിലാണ് ഒരുങ്ങുന്നത്. ഓഫീസിന്റെ ഉള്‍വശം മോടിപിടിപ്പിക്കാന്‍ മാത്രം ഒരു കോടി 10 ലക്ഷം രൂപ അനുവദിക്കണമെന്നാണ് കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായതിനാല്‍ ഇത്രയും തുക അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി 75 ലക്ഷം രൂപ മോടിപിടിപ്പിക്കലിന് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുകയാണ്. ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു.

സെപ്തംബര്‍16 ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി ചില നിര്‍ദേശങ്ങള്‍ അംഗീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച 25 ഇന ചെലവ് ചുരുക്കല്‍ നിര്‍ദേശങ്ങളില്‍ ഒരു വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ കെട്ടിടം മോടി പിടിപ്പിക്കല്‍, സര്‍ക്കാര്‍ ഓഫീസുകളില്‍ ഫര്‍ണിച്ചര്‍ വാങ്ങല്‍, പുതിയ വാഹനങ്ങള്‍ എന്നിവ പാടില്ലെന്നും വ്യക്തമായി പറയുന്നു. ഈ തീരുമാനങ്ങള്‍ കാറ്റില്‍ പറത്തിയാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ ധൂര്‍ത്ത്.

 

chandrika: