വർദ്ധിച്ചു വരുന്ന ചൂട് അസഹനീയമായി തുടങ്ങിയതോടെ ഡ്രെസ് കോഡില്‍ ഭേദഗതി വേണമെന്ന ആവശ്യവുമായി വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. സാരിയും വെള്ള നിറത്തിലെ കോളര്‍ ബാന്‍ഡും കറുത്ത ഗൌണും അണിഞ്ഞ് കടുത്ത ചൂടിൽ ജോലി ചെയ്യുന്നത് അസഹ്യമായതോടെയാണ് കേരളത്തിലെ 100ല്‍ അധികം വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഡ്രെസ് കോഡില്‍ ഭേദഗതിയെന്ന ആവശ്യവുമായി രംഗത്തെത്തിയത്. നിലവിലെ വേഷത്തിന് മാറ്റം വേണമെന്നാണ് ആവശ്യം. ഇടുങ്ങിയ ചേംബറുകള്‍ക്കുള്ളില്‍ നിര്‍ധിഷ്ട വസ്ത്രമണിഞ്ഞ് കടുത്ത ചൂടില്‍ ജോലി ചെയ്യേണ്ടി വരുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കുന്നുവെന്നാണ് വനിതാ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നല്‍കിയ നിവേദനത്തില്‍ വിശദമാക്കുന്നത്. നിറം കുറഞ്ഞ ചുരിദാറുകള്‍ ധരിക്കാന്‍ അനുമതി വേണമെന്നാണ് വനിതാ ജുഡിഷ്യല്‍ ഓഫീസര്‍മാരുടെ ആവശ്യം