X

വനിത മതില്‍: യൂത്ത് ലീഗിന്റെ ഹര്‍ജി നാളെ പരിഗണിക്കും

 

കൊച്ചി: വനിത മതിലുമായി ബന്ധപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയെന്ന രീതിയില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കുമെന്നും യൂത്ത്‌ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ യൂത്ത്‌ലീഗ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് രണ്ടു പ്രമുഖ മലയാള മാധ്യമങ്ങളില്‍ സര്‍ക്കാര്‍ പ്രളയാനന്തരം ചെയ്ത കാര്യങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പണമില്ലാത്തതിനാല്‍ പരസ്യം സാധ്യമല്ലെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ മറുപടി. അതേസമയം വനിത മതിലിനു വേണ്ടി ചെലവഴിക്കാന്‍ സര്‍ക്കാരിന് പണം പ്രശ്‌നമാവുന്നില്ല.സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഡിസംബര്‍ ഒന്നിന് ഇറക്കിയ സര്‍ക്കുലറില്‍ എല്ലാ വീടുകളിലും വനിതമതില്‍ ക്യാമ്പയിന്‍ നടത്തണമെന്നും അതിനായി ആവശ്യമുള്ള ഫണ്ട് ചെലവഴിക്കാമെന്നും ഫണ്ട് ധനകാര്യവകുപ്പ് നല്‍കണമെന്നും നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുടെ വാക്കിലും സര്‍ക്കുലറിലും വൈരുദ്ധ്യങ്ങളുണ്ട്. സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നില്ലെങ്കില്‍ വനിത മതിലിന് പണം എവിടെ നിന്നെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കുന്നില്ലെന്ന വാദവും കളവാണ്. ഡിസംബര്‍ 11ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ റീജിയണല്‍ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ വനിതമതിലുമായി ബന്ധപ്പെട്ട് ചേരുന്ന യോഗത്തില്‍ എല്ലാ പ്രിന്‍സിപ്പള്‍മാരും നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. പ്രവാസി ചിട്ടി ഫണ്ടിന് ആകെ സമാഹരിച്ച തുക 3.1 കോടി രൂപയും ഇതിനായി പരസ്യ ഇനത്തില്‍ ചെലഴിച്ച തുക 5.1 കോടി രൂപയാണെന്നും ധനകാര്യ മന്ത്രി തന്നെ സഭയില്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പൊതുഖജനാവ് കൊള്ളയടിക്കാനും ധൂര്‍ത്തിനും മറ്റുമായി ഉപയോഗിക്കാനും സര്‍ക്കാര്‍ വകുപ്പുകള്‍ മത്സരിക്കുകയാണെന്ന് വെൡപ്പെട്ടതായും പി.കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു. ബിജെപി സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ജനദ്രോഹ ഭരണത്തിന്റെ വിലയിരുത്തലാണ് അഞ്ചു നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ മതേതര മനസിന്റെ വലിയ വിജയമാണ് തെരഞ്ഞെടുപ്പ് ഫലം. കോര്‍പറേറ്റുകളെ സഹായിക്കുന്ന കേന്ദ്രം കര്‍ഷകരുടെ കണ്ണീര്‍ കാണുന്നില്ല. കാര്‍ഷിക കടം എഴുതിതള്ളാതെ കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി നല്‍കുകയാണ്. മൗലികാവകാശങ്ങള്‍ക്കെതിരെയും ആവിഷ്‌ക്കാര, സഞ്ചാര സ്വാതന്ത്ര്യത്തിനെതിരെയുമുള്ള നടപടികളാണ് കേന്ദ്രത്തില്‍ നിന്നുണ്ടാവുന്നത്. കേരളത്തിലെ പ്രളയബാധിതര്‍ക്കുള്ള അടിയന്തിര നഷ്ടപരിഹാരം ഇനിയും ലഭിക്കാത്തവര്‍ക്ക് അത് നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു.

chandrika: