ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഭര്‍ത്താക്കന്മാരില്‍ ആധിപത്യം സ്ഥാപിക്കാനുള്ളതല്ലെന്ന് സുപ്രിംകോടതി. സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നടപ്പിലാക്കുന്ന നിയമങ്ങള്‍ ഭര്‍ത്താക്കന്‍മാരെ ഭീഷണിപ്പെടുത്താനോ ഉപ്രദവിക്കാനോ വേണ്ടി ദുരുപയോഗം ചെയ്യരുതെന്ന് സുപ്രിംകോടതി വിലക്കി.
ബെംഗളൂരുവിലെ ടെക്കിയായ അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സുപ്രിംകോടതി നിലപാട് അറിയിച്ചത്. നിലവിലെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കി മുന്‍ ഭര്‍ത്താവ് ജീവിത കാലം മുഴുവന്‍ മുന്‍ പങ്കാളിയെ പിന്തുണയ്ക്കാന്‍ ബാധ്യസ്ഥനല്ല എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹിന്ദു വിവാഹം ഒരു വാണിജ്യ സംരംഭം അല്ല, അത് കുടുംബത്തിന്റെ അടിത്തറയാണ് എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി നാഗരത്നയും പങ്കജ് മിത്തലും ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണങ്ങള്‍.
ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, വിവാഹിതയായ സ്ത്രീയെ ക്രൂരതയ്ക്ക് വിധേയയാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും ബെഞ്ച് നിരീക്ഷിച്ചു.