കെ.എസ് മുസ്തഫ
കല്‍പ്പറ്റ: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. വൈത്തിരി ചാരിറ്റി അംബേദ്കര്‍ കോളനിയിലെ രാജമ്മ (65) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോയ രാജമ്മ വീടിനടുത്തുള്ള കാരിക്കാല്‍ ജോസ് എന്നയാളുടെ വീട്ടില്‍ വെച്ചാണ് നായ്ക്കളുടെ ആക്രമണത്തിനിരയായത്.
ജോസിനെതിരെ വകുപ്പ് 304 എ പ്രകാരം നരഹത്യക്ക് വൈത്തിരി പൊലീസ് കേസ്സെടുത്തു. വളര്‍ത്തുനായ്ക്കളില്‍ ഏറ്റവും ആക്രമണ സ്വഭാവമുള്ള റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കള്‍ ചേര്‍ന്നാണ് രാജമ്മയെ ആക്രമിച്ചത്. രണ്ട് കൈകളിലെയും മാംസം നായ്ക്കള്‍ കടിച്ചുപറിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
തമിഴ്‌നാട് സ്വദേശിയായ രാജമ്മ വയനാട്ടിലേക്ക് കുടിയേറി വര്‍ഷങ്ങളായി വൈത്തിരി ചാരിറ്റിയിലാണ് മക്കളോടൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ് ബല്‍രാജ് നേരത്തെ മരിച്ചതാണ്. മക്കള്‍: സാമുവല്‍, ബേബി, നാന, ജ്ഞാനസുന്ദരി. ആക്രമണത്തിനിരയായ ഉടനെ രാജമ്മയെ വൈത്തിരി താലൂക്കാസ്പത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജാസ്പത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചക്ക് ശേഷം മെഡിക്കല്‍ കോളേജാസ്പത്രിയില്‍ വെച്ചാണ് മരിച്ചത്.
ജര്‍മ്മനിയില്‍ നിന്നുള്ള റോട്‌വീലര്‍ വിഭാഗത്തിലെ നായ്ക്കള്‍ ഉടമകളോട് പോലും അത്ര എളുപ്പത്തില്‍ ഇണങ്ങാറില്ല. താരതമ്യേന കൂടുതല്‍ ആക്രമണ സ്വഭാവം കാണിക്കുന്ന ഈ ഇനത്തെ റുമേനിയ, സ്‌പെയ്ന്‍, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ വളര്‍ത്തുന്നത് നിരോധിച്ചതാണ്. ഇന്ത്യയില്‍ ചെന്നൈയിലും ബാംഗ്‌ളൂരിലും മുമ്പ് റോട്‌വീലര്‍ നായ്ക്കയുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.