ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തൊട്ട സംഭവത്തില്‍ ക്ഷമ പറഞ്ഞ് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. ചെറുമകളെപ്പോലെ കണ്ടാണ് കവിളില്‍ പിടിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യം അയച്ച ഇ-മെയിലിന് മറുപടിയായിട്ടാണ് വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.
നിങ്ങളുടെ ചോദ്യം മികച്ചതാണെന്ന് വിലയിരുത്തിയാണ് അഭിനന്ദനം എന്ന നിലയില്‍ കവിളില്‍ തൊട്ടത്. മികച്ച മാധ്യമ പ്രവര്‍ത്തക എന്ന നിലയിലുള്ള അഭിനന്ദനവും സ്‌നേഹവും പ്രകടിപ്പിക്കുന്നതിനായിട്ടായിരുന്നു ഇതെന്നും ലക്ഷ്മിക്ക് അയച്ച കത്തില്‍ അദ്ദേഹം പറയുന്നത്. എന്നാല്‍ ഈ സംഭവം നിങ്ങളെ വേദനിപ്പിച്ചെന്ന് മനസിലാക്കുന്നുവെന്നും നിങ്ങളുടെ വികാരത്തെ വേദനിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിന്റെ നടപടി വിവാദമായിരുന്നു. ബിരുദം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലൈംഗിക സേവനം ചെയ്യാന്‍ വിദ്യാര്‍ഥികളോട് അധ്യാപിക ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സംഭവം.
വാര്‍ത്താസമ്മേളനത്തില്‍ ആദ്യനിരയില്‍ വലത്തേയറ്റത്താണ് ലക്ഷ്മി ഇരുന്നിരുന്നത്. അവര്‍ ചോദ്യമുന്നയിച്ചപ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ച ഗവര്‍ണര്‍ അനുമതിയില്ലാതെ അവരുടെ കവിളില്‍ തലോടുകയായിരുന്നു. ‘ഞാന്‍ നിരവധി തവണ എന്റെ മുഖം കഴുകി. പക്ഷെ എനിക്ക് ആ തലോടലിന്റെ ആഘാതത്തില്‍ നിന്ന് മുക്തയാവാന്‍ കഴിയുന്നില്ല ലക്ഷ്മി സുബ്രഹ്മണ്യം ട്വീറ്റ് ചെയ്തു.
ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകയാണ്. ബന്‍വരിലാല്‍ പുരോഹിത് ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണറാണ്. ചോദ്യങ്ങളുന്നയിക്കുന്നത് എന്റെ അവകാശമാണ്. ഉത്തരങ്ങളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലാതെ തലോടലുകളല്ല. ഒരു ഇംഗ്ലീഷ് മാഗസിനിലെഴുതിയ കുറിപ്പില്‍ ലക്ഷ്മി സുബ്രഹ്മണ്യം പറഞ്ഞു.
ബിരുദം ലഭിക്കാന്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളോട് നിര്‍ദേശിച്ച അധ്യാപക കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതിനെ കുറിച്ച് വിശദീകരിക്കാനാണ് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് പത്രസമ്മേളനം വിളിച്ചത്. ഗവര്‍ണറുടെ അടുപ്പക്കാരിയാണ് അറസ്റ്റിലായ അധ്യാപിക നിര്‍മല ദേവി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നായിരുന്നു ഗവര്‍ണറുടെ വാദം.
നാല് ബിരുദ വിദ്യാര്‍ത്ഥിനികളോട് ദേവേന്ദ്ര ആര്‍ട്‌സ് കോളേജിലെ പ്രൊഫസറായ നിര്‍മല ദേവി സംസാരിക്കുന്നതിന്റെ ഓഡിയോ വാട്ട്‌സാപ്പില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ബി.ജെ.പി പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് ഇവര്‍ എന്നാണ് സൂചന. ഒരു ബി.ജെ.പി പരിപാടിയില്‍ നിര്‍മല ദേവി പങ്കെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നിര്‍മല ദേവി ഫോണില്‍ സംസാരിച്ചത് വിദ്യാര്‍ത്ഥിനികള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുത്താല്‍ സാമ്പത്തിക ലാഭമുണ്ടാകുമെന്ന് അധ്യാപിക പറയുന്നതും ഓഡിയോയിലുണ്ട്.