X
    Categories: Culture

സ്ത്രീയായതിനാല്‍ അമ്മയെ ഇന്ത്യയില്‍ ജഡ്ജിയാക്കിയില്ല: നിക്കി ഹാലെ

ന്യൂയോര്‍ക്ക്: സ്ത്രീയായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ ഇന്ത്യയില്‍ തന്റെ അമ്മക്ക് ജഡ്ജി സ്ഥാനം നിഷേധിക്കപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ യു.എസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ. ആ സമയത്ത് ഇന്ത്യയിലെ സാമൂഹിക സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്ക് ഒട്ടും അനുകൂലമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ‘സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം’ എന്ന വിഷയത്തില്‍ യു.എസ് വിദേശകാര്യ സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിക്കി ഹാലെ.

സ്ത്രീസമൂഹത്തിന്റെ ഒരു വലിയ ആരാധികയാണു ഞാന്‍. അവര്‍ക്കു ചെയ്യാന്‍ സാധിക്കാത്തതായി ഒന്നുമില്ല എന്നും ഞാന്‍ വിശ്വസിക്കുന്നു. സ്ത്രീകളുടെ ഉയര്‍ച്ചയെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ജനാധിപത്യ വ്യവസ്ഥകള്‍ക്കെല്ലാം അതിന്റെ മെച്ചം ലഭിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ആദ്യകാല അഭിഭാഷകരിലൊരാളായ തന്റെ അമ്മയുടെ ഉദാഹരണവും പ്രസംഗത്തിനിടെ അവര്‍ പരാമര്‍ശിച്ചു. സ്ത്രീയായതുകൊണ്ടു മാത്രമാണ് അമ്മയ്ക്ക് ജഡ്ജിയാകാന്‍ സാധിക്കാതെ പോയതെന്നും നിക്കി ഹാലെ പറഞ്ഞു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് നിയമ വിദ്യാഭ്യാസം നേടാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് എന്റെ അമ്മ. രാജ്യത്തെ ആദ്യകാല വനിതാ അഭിഭാഷകരില്‍ ഒരാളായ അമ്മയെ ജഡ്ജി സ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.
എന്നാല്‍, സ്ത്രീയായതുകൊണ്ടു മാത്രം അമ്മയ്ക്ക് ജഡ്ജി സ്ഥാനം നിഷേധിക്കപ്പെട്ടു. എന്നാല്‍, അവരുടെ മകള്‍ സൗത്ത് കാരലീനയിലെ ഗവര്‍ണറും പിന്നീട് ഐക്യരാഷ്ട്ര സംഘടനയിലെ യു.എസ് പ്രതിനിധിയുമാകുന്നതു കണ്ട് ആ അമ്മ അഭിമാനിച്ചിട്ടുണ്ടാകുമെന്നും നിക്കി ഹാലെ പറഞ്ഞു. സൗത്ത് കാരലീനയിലെ ഗവര്‍ണറയിരുന്ന നിക്കി ഹാലെ, യു.എസില്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന ഇന്ത്യന്‍ വംശജയായ ആദ്യ വനിതയാണ്. ലൂയിസിയാനയില്‍ ഗവര്‍ണറായ ബോബി ജിന്‍ഡല്‍ കഴിഞ്ഞാല്‍ യു.എസില്‍ ഗവര്‍ണറാകുന്ന രണ്ടാമത്തെ ഇന്ത്യന്‍- അമേരിക്കന്‍ എന്ന ബഹുമതിയും നിക്കിക്കുള്ളതാണ്. പഞ്ചാബില്‍ നിന്നു യു.എസിലേക്കു കുടിയേറിയവരാണു നിക്കിയുടെ മാതാപിതാക്കള്‍. അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ചിരുന്ന പട്ടാള ക്യാപ്റ്റനായ മൈക്കലാണു ഭര്‍ത്താവ്.

chandrika: