സംസ്ഥാന അഗ്നിരക്ഷാ സേനയിൽ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായി ഇനി 82 സ്‌ത്രീകളുണ്ടാകും. സേനയിലെ ആദ്യ വനിതാ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർമാരാണ് ഫയർ സ്‌റ്റേഷനുകളിൽ ചുമതലയേൽക്കാനായൊരുങ്ങുന്നത്.
വനിതാ ഓഫീസർമാർക്കായി 100 തസ്‌തികയാണ് ഉണ്ടായിരുന്നത്. രാജ്യത്ത് ആദ്യമായാണ് ഏറ്റവുമധികം വനിതകൾ ഒന്നിച്ച് പങ്കെടുക്കുന്ന അഗ്നിരക്ഷാ പ്രവർത്തന പരിശീലനം നടക്കുന്നത്. വിയ്യൂരിലെ കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് അക്കാദമിയിൽ ആണ് പരിശീലനം.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് 15 പേരും മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ അഞ്ചുപേർ വീതവുമാണ് ഉണ്ടാവുക. ഒരു വർഷമാണ് ആകെ പരിശീലനം. അക്കാദമിയിലെ ആറുമാസത്തെ അടിസ്ഥാനപരിശീലനത്തിനുശേഷം വിവിധ നിലയങ്ങളിൽ ആറുമാസം സ്റ്റേഷൻ പരിശീലനവുമാണ്. സൈനിക പരിശീലനം കഴിഞ്ഞാൽ ഏറ്റവുമധികം കഠിനമായ പ്രായോഗിക പരിശീലനം നൽകുന്നത് അഗ്നിരക്ഷാസേനയിലാണ്. ഇതാണ് ഈ 82 പേരും വിജയകരമായി പൂർത്തിയാക്കിയത്. ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡ് 25 ന് നടക്കും.