കൊണ്ടോട്ടി: വാഴക്കാട്ട് വീടിന്റെ ടെറസിനു മുകളില്‍ ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചെറുവട്ടൂര്‍ നരോത്ത് നജ്മുന്നീസ (32) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മൊയ്തീനെയും രണ്ടു സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് നജ്മുന്നീസയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ.
ഇന്ന് പുലര്‍ച്ചെയാണ് വീടിന്റെ ടെറസിനു മുകളില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ച നിലയില്‍ കണ്ടെത്തിയ നജ്മുന്നീസയും ഭര്‍ത്താവ് മൊയ്തീനും മക്കളുമാണ് ഈ വീട്ടില്‍ താമസം. നജ്മുന്നീസ കഴിഞ്ഞ ദിവസം മക്കള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്കു പോയിരുന്നു. പിന്നീട് വീടിന്റെ പിന്‍ഭാഗത്തു കൂടി കോണിവഴി വീടിന്റെ ടെറസില്‍ എത്തിയെന്നാണ് കരുതുന്നത്. നജ്മുന്നീസയെ ടെറസിനു മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം ഭര്‍ത്താവു തന്നെയാണ് പുറത്തറിയിച്ചത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ മൊയ്തീനെയും ഒപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
വീടിന്റെ മുകളില്‍നിന്ന് മൊബൈല്‍ ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് വന്നു നോക്കിയതെന്നും, അപ്പോള്‍ നജ്മുന്നീസയെ മരിച്ച നിലയില്‍ കണ്ടെന്നുമാണ് മൊയ്തീന്റെ മൊഴി. മറ്റൊന്നും അറിയില്ലെന്നും ഇയാള്‍ പൊലീസിനു മൊഴി നല്കി. എന്നാല്‍, മൊയ്തീന്റെ വാക്കുകള്‍ വിശ്വസനീയമല്ലെന്നാണ് ബന്ധുക്കളുടെയും പൊലീസിന്റെയും നിലപാട്. ഈ സാഹചര്യത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം മൊയ്തീനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.