X

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയാണ് പ്രതികരണം നടത്തിയത്. ഡല്‍ഹിയില്‍ ഫെബ്രുവരി 10 ന് സാഹില്‍ ഗെഹ്ലോട്ട് പങ്കാളിയായിരുന്ന നിക്കിയെ കൊലപ്പെടുത്തിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ അഭിപ്രായം.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വീടുകളില്‍ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ട്വറ്ററില്‍ കുറിച്ചു. മാതാപിതാക്കള്‍ കുട്ടികളോട് ബഹുമാനത്തോടെ പെരുമാറണമെന്നും നിര്‍ദേശമുണ്ട്.

ഡല്‍ഹിയില്‍ സാഹില്‍ ഗെഹ്ലോട്ട് (24) പങ്കാളിയായിരുന്ന നിക്കിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സാഹില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സാഹിലും നിക്കിയും 2020ല്‍ വിവാഹിതരായിരുന്നെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.

അതേസമയം, വിവാഹം കഴിച്ച കാര്യം തങ്ങള്‍ക്കറിയില്ലായിരുന്നെന്ന് കൊല്ലപ്പെട്ട നിക്കിയുടെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സാഹിലിന്റെ കുടുംബം ഈ ബന്ധത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും പൊലീസ് പറയുന്നു. നിക്കിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സാഹലിന്റെ സുഹൃത്തുക്കളും കുടുംബവും സഹായിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.

ഗൂഢാലോചനയില്‍ പങ്കെടുത്ത കുറ്റത്തിന് സാഹിലിന്റെ പിതാവ് വീരേന്ദര്‍ സിങ്ങിനെയും രണ്ട് സഹോദരന്മാരെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

webdesk13: