ചണ്ഡിഗഡ്: ഇന്ത്യന്‍ വ്യോമസേന രൂപീകൃതമായി 90 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ സുപ്രധാന പ്രഖ്യാപനവുമായി വ്യോമസേന മേധാവി വിവേക് റാം ചൗധരി. അടുത്ത വര്‍ഷം മുതല്‍ വ്യോമസേനയില്‍ വനിത അഗ്‌നിവീറുകളെ സജ്ജരാക്കുമെന്ന് വിവേക് റാം ചൗധരി പറഞ്ഞു. വ്യോമസേന ഉദ്യോഗസ്ഥര്‍ക്കായി പുതിയ ആയുധ സംവിധാന ശൃംഖല രൂപവത്കരിക്കുമെന്നും മേധാവി അറിയിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് വ്യോമസേനയില്‍ ഇത്തരത്തില്‍ ഒരു പുതിയ പ്രവര്‍ത്തന ശൃംഖല ആരംഭിക്കുന്നത്. പുതിയ ശൃംഖല രൂപവത്കരിക്കുന്നതോടെ ചെലവിനത്തില്‍ 3,400 കോടി രൂപയുടെ ലാഭമുണ്ടാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. സേനയിലെ എല്ലാത്തരം ആധുനിക ആയുധ സംവിധാനങ്ങളും ഈ ശൃംഖല കൈകാര്യം ചെയ്യും. അഗ്‌നിപഥ് പദ്ധതിയിലൂടെ വ്യോമസേനയിലേയ്ക്ക് അംഗങ്ങളെ എത്തിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇത് മികച്ച ഒരു അവസരമാണ്. ഓരോ അഗ്‌നിവീറുകളും അവര്‍ക്ക് ആവശ്യമായ വിജ്ഞാനവും വൈദഗ്ദ്ധ്യവും നേടിക്കൊണ്ട് തന്നെ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നുമെന്ന് ഉറപ്പാക്കുന്നതിനായി പരിശീലന മാര്‍ഗങ്ങളില്‍ വേണ്ട വിധത്തിലുള്ള മാറ്റം വരുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ വനിത അഗ്‌നിവീറുകളെ സേനയുടെ ഭാഗമാക്കാന്‍ പദ്ധതിയിടുന്നുണ്ട്, ചൗധരി പറഞ്ഞു.