X
    Categories: keralaNews

ഒന്നരവയസുകാരന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്; കുട്ടിയുടെ അമ്മ ശരണ്യയുടെ യഥാര്‍ത്ഥ കാമുകന്‍ താനല്ലെന്ന് നിധിന്‍

കണ്ണൂര്‍: കേരള മനസാക്ഷിയെ ഞെട്ടിച്ച കണ്ണൂരിലെ തയ്യില്‍ കടപ്പുറത്തെ ഒന്നരവയസുകാരന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ്. കേസില്‍ ഒന്നാം പ്രതിയായ കുട്ടിയുടെ അമ്മ ശരണ്യയുടെ കാമുകന്‍ ഞാനല്ലെന്നും, അത് മറ്റൊരാളാണെന്നും കേസില്‍ വീണ്ടും അന്വേഷണം വേണമെന്നുമാണ് രണ്ടാം പ്രതി നിധിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിധിനും കാമുകി ശരണ്യയും ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തന്നൊണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ താനല്ല യഥാര്‍ത്ഥ കാമുകന്‍ എന്നാണ് അഡ്വ. മഹേഷ് വര്‍മ മുഖാന്തരം കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കി ഹര്‍ജിയില്‍ നിധിന്‍ പറയുന്നത്.

താനല്ല ശരണ്യയുടെ യഥാര്‍ഥ കാമുകനെന്നും സാക്ഷിപ്പട്ടികയിലെ അരുണ്‍ എന്നയാളാണെന്നും നിധിന്‍ ഇപ്പോള്‍ ആരോപിക്കുന്നത് എന്നാല്‍ കേസ് വഴിതിരിച്ചുവിടാനുള്ള പ്രതിയുടെ ആസൂത്രീതമായ ശ്രമമാണ് നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഒരിക്കലും പ്രതിയായ നിധിന് ഇത്തരം ഒരു ഹര്‍ജി സമര്‍പ്പിക്കാന്‍ നിയമപരമായി സാധിക്കില്ലെന്നും, ഇത് കോടതി പരിഗണിക്കാനുള്ള സാധ്യതയില്ലെന്നുമാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലര്‍ച്ചെ മൂന്നരക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടല്‍ക്കരയിലേക്ക് കൊണ്ടുപോയി. രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങി എന്നാണ് പൊലീസ് കുറ്റപത്രം പറയുന്നത്. മൂന്നു മാസത്തിന് ശേഷം വീട്ടില്‍ വന്ന് അന്ന് തങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ഭര്‍ത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പൊലീസിന് മുന്നില്‍ വെച്ച കഥ. ഭര്‍ത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു വാദം. എന്നാല്‍ ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന്‍ നിധിന്റെ ഫോണ്‍ വന്നത് വഴിത്തിരിവായി. കൂടുതല്‍ സാഹചര്യ തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനാകാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: