സിഡ്‌നി: നാല് കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഓസ്‌ട്രേലിയക്കാരിയെ വെറുതെവിട്ട് ന്യൂ സൗത്ത് വെയില്‍സ് സ്‌റ്റേറ്റ്. കാത്‌ലീന്‍ മേഗന്‍ ഫോള്‍ബിഗ് എന്ന 55കാരിയെയാണ് പൊതുമാപ്പ് നല്‍കി വിട്ടയച്ചത്. 2003ല്‍ തന്റെ മൂന്ന് കുട്ടികളെ കൊലപ്പെടുത്തിയെന്നും നാലാമത്തെ കുട്ടിയെ നരഹത്യ നടത്തിയെന്നുമായിരുന്നു കേസ്.
എന്നാല്‍ കുട്ടികള്‍ മരിച്ചത് സ്വാഭാവിക കാരണങ്ങളാലായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും ഫോള്‍ബിഗ് വാദിച്ചിരുന്നു. 2019ല്‍ നടത്തിയ അന്വേഷണത്തില്‍ ഫോള്‍ബിഗ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെങ്കിലും 2022ല്‍ മുന്‍ ചീഫ് ജസ്റ്റിസ് തോമസ് ബാതര്‍സ്റ്റിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ശിക്ഷിവിധി പുന:പരിശോധിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. മൂന്ന് കുട്ടികള്‍ മരിച്ചത് ജനിതക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പുതിയ കണ്ടെത്തല്‍. ഫോള്‍ബിഗിന്റെ കുട്ടികളില്‍ ആരും ഇരുപത് മാസത്തിലേറെ ജീവിച്ചിട്ടില്ല. മാപ്പ് ലഭിച്ചതുകൊണ്ട് ഫോള്‍ബിഗ് ജയില്‍ മോചിതയാകുമെങ്കിലും ശിക്ഷാവിധി റദ്ദാക്കിയിട്ടില്ല.