ജമ്മു കശ്മീരിലെ വൈഷ്ണോ ദേവീ ക്ഷേത്രത്തിൽ തോക്കുമായി യുവതി പിടിയിൽ; വൻ സുരക്ഷാ വീഴ്ച

ജമ്മു കശ്മീരിലെ കത്രയിലെ പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ​ഗുരുതര സുരക്ഷാവീഴ്ച. സുരക്ഷാ പരിശോധനകൾ ലംഘിച്ച് തോക്കുമായെത്തിയ യുവതിയെ പൊലീസ് പിടികൂടി. ജ്യോതി ​ഗുപ്തയെന്ന സ്ത്രീയാണ് പിടിയിലായതെന്ന് എസ്എസ്പി റിയാസി പർമീന്ദർ സിങ് പറഞ്ഞു. മാർച്ച് 14ന് രാത്രിയായിരുന്നു സംഭവം. ഡൽഹി പൊലീസിലാണ് താൻ ജോലി ചെയ്യുന്നതെന്ന് യുവതി അവകാശപ്പെട്ടു.

എന്നാൽ ഇവരുടെ കൈയിലുണ്ടായിരുന്നത് ലൈസൻസ് കാലാവധി കഴിഞ്ഞ പിസ്റ്റളായിരുന്നു. സംഭവത്തിൽ‍ കത്രയിലെ ഭവൻ പൊലീസ് സ്റ്റേഷനിൽ ആയുധ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തതായി എസ്എസ്പി അറിയിച്ചു.

കഴിഞ്ഞദിവസം, ക്ഷേത്രത്തിന് സമീപം മദ്യപിച്ച സംഭവത്തിൽ സോഷ്യൽമീഡിയ താരം ഓർഹാൻ അവത്രമണിയും സുഹൃത്തുക്കളും അറസ്റ്റിലായിരുന്നു. കത്രയിലെ മദ്യനിരോധിത മേഖലയിൽ ഇരുന്നാണ് ഇയാളും കൂട്ടരും മദ്യപിച്ചത്. സംഭവത്തിൽ യുവതികൾ ഉൾപ്പെടെ എട്ട് പേർക്കെതിരെ കത്ര പൊലീസ് കേസെടുത്തിരുന്നു.

webdesk13:
whatsapp
line