വാഷിങ്ടണ്‍: 24 വര്‍ഷം പഴക്കമുള്ള ഭ്രൂണത്തില്‍നിന്ന് കുഞ്ഞിന് ജന്മം നല്‍കി അമേരിക്കന്‍ യുവതി അത്ഭുതമായി. ടെന്നിസ്സി സ്വദേശിയായ 26 വയസുള്ള ടീന ഗിബ്‌സനാണ് 24 വര്‍ഷം തണുപ്പിച്ചുവെച്ച ഭ്രൂണത്തെ ഉദരത്തില്‍ ചുമന്ന് കുഞ്ഞിന് ജന്മം നല്‍കിയത്. ഭ്രൂണം ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നെ സ്‌നേഹിക്കുന്ന ആരുടെയെങ്കിലും ആകാം അതെന്ന് ടീന പറയുന്നു. ദീര്‍ഘകാലം മരവിപ്പിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍നിന്ന് ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിക്കുകയെന്നത് ചരിത്ര നേട്ടമാണെന്ന് നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്റര്‍ ലാബ് ഡയറക്ടര്‍ കാരള്‍ സൊമ്മര്‍ ഫെല്‍ട്ട് പറയുന്നു. വിവാഹം കഴിഞ്ഞിട്ടും താലോലിക്കാന്‍ ഒരു കുഞ്ഞെന്ന സ്വപ്‌നം പൂവണിയാതെ നിരാശരായിരിക്കുമ്പോഴാണ് ടീനയും ഭര്‍ത്താവ് ബെഞ്ചമിന്‍ ഗിബ്‌സനും എംബ്രിയോ അഡോപ്ഷന്‍ എന്ന നൂതന ചികിത്സയെക്കുറിച്ച് അറിയുന്നത്. ഉടന്‍ തന്നെ നാഷണല്‍ എംബ്രിയോ ഡൊണേഷന്‍ സെന്ററില്‍ അപേക്ഷ നല്‍കി. കഴിഞ്ഞ മാര്‍ച്ച് 13ന് ടീനയുടെ ഗര്‍ഭപാത്രത്തില്‍ ഭ്രൂണം നിക്ഷേപിച്ചു. നവംബര്‍ 25ന് രണ്ടര കിലോഗ്രാം ഭാരമുള്ള ആരോഗ്യവതിയായ കുഞ്ഞിന് ടീന ജന്മം നല്‍കുകയും ചെയ്തു.