ഫിലാദല്‍ഫിയ: അമേരിക്കയില്‍ 143 യാത്രക്കാര്‍ കയറിയ വിമാനത്തതിന്റെ എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു.
ന്യൂയോര്‍ക്കിലെ ലഗ്വാഡിയ വിമാനത്താവളത്തില്‍നിന്നും ഡാലസിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ഇടതുവശത്തുള്ള എഞ്ചിനാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് ഫിലാദല്‍ഫിയ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി. യാത്രക്കാര്‍ക്ക് പുറമെ അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. സൗത്ത്്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് സംഭവം.
വിമാനം 31,000 അടി ഉയരത്തില്‍ പറക്കവെ എഞ്ചിന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനശബ്ദം കേട്ട് യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു. ജനല്‍ ചില്ലുകള്‍ തകര്‍ന്നതോടെ വിമാനത്തിനകത്തെ മര്‍ദ്ദത്തില്‍ മാറ്റം വരുകയും വിമാനം പൊട്ടിത്തെറിക്കുമെന്ന് യാത്രക്കാര്‍ ഭയക്കുകയും ചെയ്തു. എഞ്ചിന്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ വെല്‍സഫര്‍ഗൊ ബാങ്ക് എക്‌സിക്യൂട്ടീവ് ജനിഫര്‍ റിയോര്‍ഡര്‍(43) ആണ് മരിച്ചത്. സ്‌ഫോടനമുണ്ടായ ഉടന്‍ യാത്രക്കാരിലേക്ക് ഓകിസ്ജന്‍ മാസ്‌കുകള്‍ വന്നുവീണു. ഓക്‌സിജന്‍ മാസ്‌കുകളുമായി വിമാനത്തില്‍ ഇരിക്കുന്ന പരിഭ്രാന്തരായ യാത്രക്കാരുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിമാന ജോലിക്കാരും ഭീതിയോടെ ചിലത് വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ചിലര്‍ മൊബൈലില്‍നിന്ന് വീട്ടിലേക്ക് അവസാന മെസേജുകള്‍ വരെ അയച്ചു. മറ്റു ചില യാത്രക്കാര്‍ പരസ്പരം കെട്ടിപ്പിടിച്ച് അന്ത്യയാത്ര പറഞ്ഞ് മരണത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയിരുന്നു. ഒടുവില്‍ ഫിലാദല്‍ഫിയ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് യാത്രക്കാര്‍ക്ക് ശ്വാസം വീണത്. ഇന്ധനച്ചോര്‍ച്ചയാണ് അപകട കാരണമെന്ന് സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.