X

പ്രസവവാര്‍ഡില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി പിടിയില്‍

മഹാരാഷ്ട്ര നാസികിലെ ആശുപത്രിയിലെ പ്രസവവാര്‍ഡില്‍ നിന്ന് കുഞ്ഞിനെ മോഷ്ടിച്ച യുവതി പിടിയില്‍. എം.ബി.എ ബിരുദധാരിയായ സപ്ന മറാത്തെയാണ് (35) പിടിയിലീയത്. താന്‍ ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് അഞ്ചുദിവസം പ്രായമായ കുഞ്ഞിനെ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രസവ തീയതി അടുത്തതായി പറഞ്ഞ് ഇവര്‍ നാസികിലേക്ക് തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു കുടുംബം ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ പ്രതി അവരുടെ കുഞ്ഞിനെ എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആശുപത്രി അധികൃതരെയും സര്‍ക്കാര്‍വാഡ പൊലീസിനെയും വിവരം അറിയിച്ചു. കൈക്കുഞ്ഞുമായി സപ്ന മറാത്തെ ആശുപത്രി വിടുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് യുവതിക്കായി തിരച്ചില്‍ ആരംഭിച്ചു.

തുടര്‍ന്ന് പഞ്ചവടി ക്രൈംബ്രാഞ്ച് യൂണിറ്റിന് യുവതിയെകുറിച്ച് വിവരം ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ (ക്രൈം) പ്രശാന്ത് ബച്ചാവ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന് പദ്ധതികളെ കുറിച്ച് അറിയുമായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്. സപ്ന മറാത്തേ, ഭര്‍ത്താവ്, അച്ഛന്‍, സഹോദരന്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

webdesk18: