എ വി ഫര്‍ദിസ്
പത്മഭൂക്ഷണ്‍, പത്മശ്രീ, ആറുതവണ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലൂടെ ദേശീയ ഫിലിം പുരസ്‌ക്കാരം, കാല്‍ നൂറ്റാണ്ടുകാലം തെലുങ്കിലെ ഏറ്റവും നല്ല ഗായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം. എസ് പി ബാലസുബ്രഹ്മണ്യം എന്ന ഗായകന് ലഭിച്ച അംഗീകാരങ്ങളുടെ പട്ടിക ഇങ്ങനെ നീളുമ്പോഴും, അദ്ദേഹം കാത്തിരുന്ന പ്രതീക്ഷിച്ചിരുന്ന ഒരു കൊച്ചുപുരസ്‌ക്കാരം ഉണ്ടായിരുന്നു. എസ് പി ബിക്ക് ലഭിച്ച അംഗീകാരങ്ങളുടെയെല്ലാം ഭൗതിക സാഹചര്യം വെച്ചുനോക്കുമ്പോള്‍ തുലോം ചെറുതെങ്കിലും ജീവിതത്തിലെ അപൂര്‍വമായൊരു സന്ദര്‍ഭമായി എസ് പി ബി കണ്ടിരുന്ന ആ ചടങ്ങ് നടക്കേണ്ടിയിരുന്നത് കഴിഞ്ഞ ജൂലൈ 31ന് കോഴിക്കോട്ട് വെച്ചായിരുന്നു.
കോവിഡ് കാരണം റഫിയുടെ ചരമദിനത്തില്‍ നടക്കാതെപോയ ആ പരിപാടി അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബര്‍ 24ലേക്ക് ആസൂത്രണം ചെയ്യവെയാണ് എസ് പി ബി വിടവാങ്ങുന്നത്. ഏറെ ആകാംക്ഷയോടെ ഈ പുരസ്‌ക്കാരത്തെ ബാലസുബ്രഹ്മണ്യം കണ്ടിരുന്നത് അത് മുഹമ്മദ് റഫി സാബിന്റെ പേരിലുള്ളതായിരുന്നുവെന്നുള്ളതുകൊണ്ടായിരുന്നു. അതായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ റഫി ഭക്തിയുടെ കഥ.
റഫിയോടുകൂടി അടുത്തുചെലവഴിക്കാന്‍ സമയം കിട്ടാത്തതില്‍ ദു:ഖിച്ച, റഫിയോടൊപ്പം ഒന്നുപാടാന്‍ കഴിയാത്തത് ജീവിതത്തിലുടനീളമുള്ള വലിയ നഷ്ടമായി കരുതുന്ന ഇദ്ദേഹം ആ സങ്കടങ്ങളൊക്കെയും തീര്‍ത്തത് കിട്ടുന്ന വേദികളിലെല്ലാം റഫിയുടെ പാട്ടുകള്‍ പാടിയാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലെ റഫി മാര്‍ഗില്‍ നടന്ന റഫി ഓര്‍മ കൂട്ടായ്മയില്‍വെച്ച് റഫിയുടെ പത്‌നിയെ സാക്ഷിനിര്‍ത്തി, താന്‍ റഫി സാബിന് പിറക്കാതെ പോയ പുത്രനാണെന്ന് സ്വയം വിശേഷിപ്പിക്കുകയുണ്ടായി. അത്രയേറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന് റഫി സാബിനെ.
ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയേഴ്‌സില്‍ അച്ഛന്റെ ആഗ്രഹപ്രകാരം പഠിക്കാന്‍ ചേര്‍ന്ന എസ് പി ബി രാവിലെ ക്ലാസിലേക്ക് പോകുന്ന സമയം ഏഴിനും എട്ടിനുമിടയിലാണ്. കോളജിനു തൊട്ടടുത്ത ഒരു ചായക്കടയിലെ വലിയ റേഡിയോയിലൂടെ സിലോണ്‍ സ്‌റ്റേഷനില്‍ നിന്ന് ഈ സമയത്ത് മുഹമ്മദ് റഫിയുടെ പാട്ടുകള്‍ പ്രക്ഷേപണം ചെയ്യുമായിരുന്നു. അങ്ങനെയാണ് എസ് പി ബി, റഫി ഗാനങ്ങളുടെ മായികലോകത്തില്‍ ആകൃഷ്ടനാവുന്നത്. റഫിയുടെ പാട്ടുകള്‍ കണ്ണുമടച്ച് കേട്ടുനിന്ന് പല ദിവസങ്ങളിലും ക്ലാസില്‍ നേരംവൈകിയാണ് എത്താനാവുക. പലപ്പോഴും ക്ലാസ് നഷ്ടപ്പെടുകയും ചെയ്തിരുന്നു.
രാവിലെ മുതല്‍ തുടങ്ങുന്ന റിക്കോര്‍ഡിംഗ് കഴിഞ്ഞ് പാതിരാത്രിയില്‍ വീട്ടിലെത്തിയാല്‍ മുഹമ്മദ് റഫിയുടെ പാട്ട് കേള്‍ക്കല്‍ പതിവായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുനിറയും. ഇതുകാണുമ്പോള്‍ ഭാര്യ ചോദിക്കുമായിരുന്നു, സംഗീതം ജീവിതത്തില്‍ താങ്ങില്ലാത്തവര്‍ക്കെല്ലാം ആശ്വാസമാണെന്ന് പറയുന്ന നിങ്ങളെന്താണ് കരയുന്നത്. ഇതിനെപറ്റി പല വേദികളിലും വിശദീകരിച്ച എസ് പി ബി പറഞ്ഞത്, ആ മധുരോദാത്തമായ ശബ്ദത്തിലൂടെ ഞാന്‍ എന്നെ തന്നെ വിമലീകരിക്കുകയായിരുന്നുവെന്നാണ്.
റഫി സാബിനോടൊപ്പം പാടുവാന്‍ സാധിക്കാത്തതിലുള്ള ദു:ഖം പങ്കുവെക്കുന്നതിനോടൊപ്പം മൂന്നു പ്രാവശ്യം അടുത്ത്കാണുവാനും മറ്റും സാധിച്ചത് തന്നെ തന്റെ ജീവിതയാത്രയിലെ അപൂര്‍വഭാഗ്യങ്ങളിലൊന്നായാണ് എസ് പി ബി കണ്ടിരുന്നത്. 1969ല്‍ ചെന്നൈയില്‍വെച്ച് നടന്ന ഒരു ഷോയ്ക്കിടയിലാണ് ആദ്യമായി ഇരുവരും കാണുന്നത്. പ്രസാദ് സ്റ്റുഡിയോയില്‍വെച്ച് തെലുങ്ക് പാട്ടിന്റെ റിക്കോര്‍ഡിംഗ് നടക്കുമ്പോഴാണ് പിന്നെ കാണുന്നത്. റിക്കാര്‍ഡിംഗ് നടക്കുന്നതിനിടെ ലഭിച്ച ഒരു ബ്രേയ്ക്കിനിടയില്‍ അപ്പുറത്തുണ്ടായിരുന്ന റഫിയെ പോയിക്കാണുകയായിരുന്നു. മൂന്നാമത്തെ കൂടിക്കാഴ്ച ഹൈദരാബാദില്‍വെച്ച് നടന്ന ഒരു സിനിമാ അവാര്‍ഡ് പരിപാടിക്കിടെയായിരുന്നു.
റഫിയുടെഗാനങ്ങള്‍ ഏതു ഗായകന്‍ പാടിയാലും റഫി നല്കിയ പരിപൂര്‍ണതയിലെത്തുകയില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അത്തരമൊരു പൂര്‍ണതയിലേക്കെത്തുവാനുള്ള പരിശ്രമത്തില്‍ ഏറെ മുന്നില്‍ നിന്ന ഒരു ഗായകന്‍ കൂടിയായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം.
മുഹമ്മദ് റഫിയുടെയും എസ് പി ബിയുടെയും സഹജീവികളോടുള്ള സ്‌നേഹവും സമാനമായിരന്നു. വെള്ളിയാഴ്ചകളില്‍ കീശയില്‍ നിറയെ പണവുമായി പോകുമായിരുന്ന റഫി സാബ് ജുമുഅ നിസ്‌ക്കാരം കഴിഞ്ഞ് കാലിയായ കീശയുമായാണ് കടന്നുവരാറുള്ളതെന്ന് അദ്ദേഹത്തിന്റെ ജോലിക്കാരും മറ്റും പറഞ്ഞിട്ടുണ്ട്. കോവിഡ് തുടങ്ങി മാസങ്ങള്‍ പിന്നിട്ട സമയത്ത് എസ് പി ബി തന്റെ സുഹൃത്തിന് അയച്ച വോയിസ് മെസേജ്, അദ്ദേഹം മരണപ്പെട്ട സമയത്ത് സംഗീതലോകത്തൊന്നാകെ അദ്ദേഹത്തിന്റെ പാട്ടുകള്‍പോലെ തന്നെ പ്രവഹിച്ചിരുന്നു.
മാര്‍ച്ച് മുതല്‍ വീട്ടിനുപുറത്തിറങ്ങാത്ത തന്നെ സംബന്ധിച്ചിടത്തോളം വീട്ടില്‍ തന്നെ റിക്കോര്‍ഡിംഗ് സ്റ്റുഡിയോ ഉള്ളത് ഏറെ അനുഗ്രഹമായെന്നും എന്നാല്‍ രാജ്യത്തെ സിനിമാസംഗീതലോകത്തും മറ്റുമെല്ലാമുള്ള ആയിരങ്ങള്‍, ദൈവത്തിന്റെ അനുഗ്രഹത്താല്‍ നമുക്കെല്ലാം ഭക്ഷണമടക്കം ഒന്നിനും മുട്ടില്ലാതെ നില്ക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ഇരിക്കുകയാണ്. പലയിടത്തുനിന്നായി 20 ലക്ഷത്തോളം രൂപ സമാഹരിച്ചുകിട്ടിയിട്ടുണ്ട്. അഞ്ചുലക്ഷം തന്റെ വകയായി കൂട്ടി അത് ബുദ്ധിമുട്ടിലായവര്‍ക്ക് എത്തിക്കുകയാണെന്നായിരുന്നു ആ വോയ്‌സില്‍ പറഞ്ഞിരുന്ന പ്രധാന കാര്യം. ഒരു നല്ല കലാകാരന്‍ ചുറ്റുപാടിനെക്കുറിച്ച് ചിന്തിക്കുന്ന നല്ല മനുഷ്യനായിയിരിക്കണമെന്നതും, മുഹമ്മദ് റഫിയെപ്പോലുള്ളവരില്‍ നിന്നാണ് തന്നെപോലുള്ളവര്‍ക്ക് തിരിച്ചറിവുണ്ടായതെന്നും അദ്ദേഹം മുന്‍പു പറഞ്ഞിട്ടുണ്ട്.
മുഹമ്മദ്‌റഫി ഫൗണ്ടേഷന്റെ റഫ് അവാര്‍ഡ് വാങ്ങാന്‍ വരാന്‍ കഴിഞ്ഞില്ലെങ്കിലും ഡിസംബര്‍ 24ന് നടക്കുന്ന ചടങ്ങില്‍ താന്‍ എന്തായാലും എത്തുമെന്ന് ഇദ്ദേഹം ഉറപ്പുനല്കിയിരുന്നു. ഗാനാവശേഷനായി മാറിയിരുന്നില്ലെങ്കില്‍ അത് കേരളക്കര കണ്ട കോഴിക്കോടിന്റെ മണ്ണിലെ മുഹമ്മദ് റഫി എന്ന ഗായകനായുള്ള ഏറ്റവും വലിയ സ്മൃതി സന്ധ്യയായി മാറിയേനെ.