X
    Categories: indiaNews

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സമയം നല്‍കാതെ പ്രധാനമന്ത്രി, മണിപ്പൂരില്‍ നിന്നുള്ള സംഘം 3 ദിവസമായി ദില്ലിയില്‍

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തീയില്‍ വെന്തമരുമ്പോള്‍ സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിങ്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി ഒരാഴ്ചയായി ഡല്‍ഹിയില്‍ തുടരുന്ന ഇബോബി സിങ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കൊപ്പം മാധ്യമങ്ങളെ കാണവെയാണ് കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

മൂന്നുതവണ മണിപ്പൂരിന്റെ മുഖ്യമന്ത്രിയായിരുന്നയാളാണ് ഇബോബി സിങ്. ഈ മാസം 12നാണ് 10 പ്രതിപക്ഷ കക്ഷികളുടെ പ്രതിനിധികള്‍ അടങ്ങുന്ന സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നത്. കൂടിക്കാഴ്ചക്ക് അനുമതി ലഭിച്ചില്ലെന്നു മാത്രമല്ല, എപ്പോള്‍ അവസരം ലഭിക്കുമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ മറുപടിയും നല്‍കിയിട്ടില്ല. കൂടിക്കാഴ്ചക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഇബോബി സിങ് അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ തങ്ങാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. കോണ്‍ഗ്രസ്, ജെ.ഡി.യു, സി.പി.എം, സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക്, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ദവ് വിഭാഗം), എ.എ.പി, എന്‍.സി.പി തുടങ്ങിയ കക്ഷികളാണ് സംഘത്തിലുള്ളത്. മെയ് മൂന്നിന് തുടങ്ങിയ കലാപം ഒന്നര മാസമായിട്ടും അമര്‍ച്ച ചെയ്യാന്‍ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഒക്രാം ഇബോബി സിങ് കുറ്റപ്പെടുത്തി. മാത്രമല്ല, ഓരോ ദിവസം കഴിയും തോറും സ്ഥിതി കൂടുതല്‍ രൂക്ഷമാവുകയാണ്. ആയിരക്കണക്കിന് മനുഷ്യരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ വലിയൊരു പങ്കും കുട്ടികളും സ്ത്രീകളുമാണ്. അവരുടെ സ്ഥിത എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കാത്തത്. ഞങ്ങള്‍ക്ക് (മണിപ്പൂരിലെ ജനങ്ങള്‍ക്ക്) മണിപ്പൂല്‍ ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന വിശ്വാസമുണ്ട്. മോദിയുടെ കണക്കില്‍ മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗം അല്ലെന്നുണ്ടോ? അതുകൊണ്ടാണോ ഇത്രയും രൂക്ഷമായ സാഹചര്യം ഉ്ണ്ടായിട്ടും അദ്ദേഹം ഇടപെടാത്തത്. ഇനി ഇന്ത്യയുടെ ഭാഗമാണെന്ന് കരുതുന്നുണ്ടെങ്കില്‍ ട്വിറ്ററിലൂടെയെങ്കിലും എന്തെങ്കിലുമൊന്ന് പറയാന്‍ മോദി തയ്യാറാകണം. സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടവും തയ്യാറാക്കി 10 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ കാത്തിരിക്കുകയാണ്. അത് കേള്‍ക്കാനുള്ള മനസ്സെങ്കിലും കാണിക്കണം. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമുദായങ്ങളുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തും മണിപ്പൂരില്‍ സമാനമായ സാഹചര്യം ഉടലെടുത്തിരുന്നുവെന്നും എന്നാല്‍ ഈ രീതിയല്ല അദ്ദേഹം അതിനെ കൈകാര്യം ചെയ്തതെന്നും മണിപ്പൂരിലെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. അടിയന്തരമായി സര്‍വ്വ കക്ഷി യോഗം വിളിക്കാനും സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും അദ്ദേഹം തയ്യാറായി. വാജ്‌പേയിയെ എങ്കിലും ഈ ഘട്ടത്തില്‍ മാതൃകയാക്കാന്‍ മോദി തയ്യാറാകണമെന്ന് ജയറാം രമേശ് പറഞ്ഞു. പ്രധാനമന്ത്രി ഇടപെട്ടാല്‍ 24 മണിക്കൂറിനകം സമാധാനം സാധ്യമാകും. എന്നാല്‍ അദ്ദേഹം ഇടപെടാന്‍ കൂട്ടാക്കുന്നില്ല. ഈ നിസ്സംഗത തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രതിനിധിയും അഞ്ചുതവണ മണിപ്പൂര്‍ എം.എല്‍.എയുമായിരുന്ന നിമായ്ചന്ദ് ലവാങ് പറഞ്ഞു.

webdesk11: