ബംഗളൂരു: ബാലറ്റ് വോട്ടിങ് സംവിധാനം തിരിച്ചുകൊണ്ടുവരുന്നതിന് ബി.ജെ.പി എതിര്‍ക്കുന്നത് സംബന്ധിച്ച് വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് മോഹന്‍ പ്രകാശ്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്ലെങ്കില്‍
ബി.ജെ.പിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ വഴി വോട്ടെടുപ്പ് നടത്താനുള്ള തീരുമാനം വന്നപ്പോള്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും അതിനെതിരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അന്ന് ഇ.വി.എമ്മിന്റെ വിശ്വാസ്യതക്കെതിരെ ബി.ജെ.പിയാണ് രംഗത്തുവന്നത്. എന്നാല്‍ ഇപ്പോള്‍ ഇ.വി.എമ്മിലെ പാളിച്ചകളെ ചോദ്യം ചെയ്ത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രതികരിച്ചു.
ഇപ്പോള്‍ ബി.ജെ.പി മാത്രം ഇ.വി.എമ്മിനെതിരെ ഒന്നും പ്രതികരിക്കുന്നില്ല. ബാലറ്റ് വോട്ടിങ് തിരിച്ചുകൊണ്ടുവരുന്നതിനെ അവര്‍ എതിര്‍ക്കുകയും ചെയ്യുന്നു. ഇതില്‍ നിന്ന് വ്യക്തമാണ് ബി.ജെ.പി എങ്ങനെ കര്‍ണാടകയില്‍ വിജയിച്ചുവെന്നും മോഹന്‍ പ്രകാശ് പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പ് പുരോഗമിക്കവേ പലയിടങ്ങളിലും ഇ.വി.എം തകരാറ് വോട്ടെടുപ്പ് തടസ്സം സൃഷ്ടിച്ചിരുന്നു. ചിലയിടത്ത് വോട്ടര്‍പട്ടികയില്‍ നിന്നും പേര് അപ്രത്യക്ഷമായതും സുഗമമായ വോട്ടെടുപ്പിന് തടസ്സം സൃഷ്ടിച്ചിരുന്നു. ചില ഇടങ്ങളില്‍ വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരക്കു പോകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ആര്‍.എം.വി സെക്കന്റ് സ്റ്റേജിലെ അഞ്ചു ബൂത്തുകളില്‍ രണ്ടാം ബൂത്തിലാണ് ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ടു വീഴുന്നത് ബി.ജെ.പിയുടെ താമരക്കാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് വോട്ടു ചെയ്യാതെ ആളുകള്‍ മടങ്ങുകയും ചെയ്തിരുന്നു.
Also Read:
‘ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരക്ക്’; ബംഗളൂരുവില്‍ വോട്ട് ചെയ്യാനാവാതെ ആളുകള്‍ മടങ്ങുന്നു