കര്‍ഷകര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടില്‍ നിന്ന് അരി വരുമെന്നും സജി ചെറിയാന്‍ പറഞ്ഞു. കൃഷിമന്ത്രി പി. പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.
കേരളത്തില്‍ കൃഷി ചെയ്തില്ലെങ്കില്‍ ഒന്നും സംഭവിക്കില്ല. തമിഴ്‌നാട്ടില്‍ അരിയുള്ളിടത്തോളം കാലം കേരളത്തില്‍ ആരും പട്ടിണി കിടക്കില്ല. സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.
മാന്നാര്‍ ചെന്നിത്തല പഞ്ചായത്തില്‍ മുക്കം വാലയില്‍ ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടായിരുന്നു കര്‍ഷകര്‍ക്കെതിരെ മന്ത്രിയുടെ വിവാദ പ്രസ്താവന. പ്രദേശത്തെ ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്‍ ഇനി കൃഷി ചെയ്യില്ലെന്ന് അവിടുത്തെ കര്‍ഷകര്‍ പറഞ്ഞിരുന്നു. അതിനു മറുപടിയെന്നോണമാണ് സജി ചെറിയാന്‍ ഇത്തരത്തിലൊരു വിവാദ പരാമര്‍ശം നടത്തിയത്.
ഒരു മന്ത്രി ഒരിക്കലും നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അവര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സജി ചെറിയാന ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നുള്ള ആവശ്യവും കര്‍ഷകസംഘടനകള്‍ മുന്നോട്ട് വെച്ചു.
ഒരാഴ്ചയ്ക്ക് മുമ്പ് നടന്ന ചടങ്ങിലെ പ്രസ്താവന തിരുത്താന്‍ മന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. കുട്ടനാട്ടില്‍ കര്‍ഷകന്‍ കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ സജി ചെറിയാനെതിരേ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷക സംഘടനകള്‍. കുട്ടനാട്ടില്‍ ഇന്ന് കരിദിനമാചരിക്കുമ്പോള്‍ പ്രധാന വിഷയമായി ഇതും ഉയര്‍ത്തിക്കാണിക്കാനാണ് സംഘടനകളുടെ തീരുമാനം.