ന്യൂഡല്‍ഹി : പാര്‍ട്ടിയുടെ ഔദ്യോഗിക സ്മാര്‍ട്ട് ഫോണ്‍ ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്നും പിന്‍വലിച്ചതിന് വിശദീകരണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി അംഗത്വം നല്‍കുന്നതിനായി ഉപയോഗിച്ചിരുന്ന ആപ്പ് കഴിഞ്ഞ അഞ്ചു മാസത്തിലധികമായി ഉപയോഗത്തിലില്ലെന്നും. 2017 നവംബര്‍ മുതല്‍ സെറ്റിന്റെ ലിങ്ക് മാറ്റിയതാണെന്നും പ്രവര്‍ത്തനക്ഷമമല്ലാത്ത യു.ആര്‍.എല്‍ ഉപയോഗിച്ച് പാര്‍ട്ടിയെ പരിഹസിക്കാനുള്ള നീക്കങ്ങളെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കാന്‍ നിര്‍ബന്ധിതരായതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഔദ്യോഗിക ട്വീറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
ജനപിന്തുണ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് പുറത്തിറക്കിയ ‘വിത്ത് ഐ.എന്‍.സി’ ആപ്ലിക്കേഷനില്‍ പാകപ്പിഴകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നതോടെയാണ് ആപ്പ് പിന്‍വലിച്ചത് എന്നായിരുന്നു വാര്‍ത്തകള്‍. ‘വിത്ത് ഐ.എന്‍.സി’ എന്ന ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍, ലിങ്കിന്റെ യു.ആര്‍.എല്‍ നേരത്തെ മാറ്റിയിരുന്നു. പഴയ യു.ആര്‍.എല്‍ ടൈപ്പ് ചെയ്താലും പുതിയ യു.ആര്‍.എലിലേക്ക് റീഡയറക്ട് ചെയ്യും വിധം സജ്ജീകരിച്ചിട്ടുണ്ടെന്ന് ട്വീറ്റില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള നമോ മോദി ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.ഇതിനെതിരെ ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ വില്‍ക്കുകയാണ് രാജ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്യുന്നതെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പരിഹസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആപ്പിലൂടെ ജനങ്ങളുടെ വിവരങ്ങള്‍ സിംഗപ്പൂര്‍ കമ്പനിക്ക് ന്ല്‍കിയെന്നും ബി.ജെ.പിയുടെ ആരോപണം. ഇതിനു പിന്നാലെയാണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് അപ്രത്യക്ഷമായത്.