ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭം രാഷ്ട്രീയതലത്തില്‍ എന്‍ഡിഎയ്ക്ക് തലവേദനയാകുന്നു. കാര്‍ഷിക നിയമം റദ്ദാക്കണമെന്നും അല്ലെങ്കില്‍ സഖ്യം വിടുമെന്നും രാഷ്ട്രീയ ലോക് താതന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) മുന്നറിയിപ്പു നല്‍കി. പാര്‍ട്ടി അദ്ധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബനിവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ കാര്‍ഷിക ബില്‍ പാസാക്കിയ വേളില്‍ സെപ്തംബറില്‍ പഞ്ചാബില്‍ നിന്നുള്ള സഖ്യകക്ഷി അകാലിദള്‍ എന്‍ഡിഎ വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സമാന വിഷയത്തില്‍ ആര്‍എല്‍പിയും ബിജെപിയുമായി ഇടയുന്നത്.
സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കണം. സമരം ചെയ്യുന്ന കര്‍ഷകരുമായി ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. അധികാരം നല്‍കുന്നത് രാജ്യത്തെ കര്‍ഷകരും ജവാന്മാരുമാണ്. കര്‍ഷകരുടെ പ്രശ്നത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്‍ഡിഎ ഘടകക്ഷിയായി തുടരുന്ന കാര്യത്തില്‍ പുനരാലോചന നടത്തേണ്ടിവരും. കര്‍ഷകരുടെ താത്പര്യം മുന്‍നിര്‍ത്തിയാവും അക്കാര്യത്തില്‍ തീരുമാനമെടുക്കുക- ബനിവാള്‍ വ്യക്തമാക്കി.
രാജസ്ഥാനില്‍ ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള കക്ഷിയാണ് ആര്‍എല്‍പി. നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരുന്നത് സംസ്ഥാനത്ത് രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുമെന്ന ഭയം പാര്‍ട്ടിക്കുണ്ട്. കാര്‍ഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തില്‍ ജാട്ട് വിഭാഗക്കാരില്‍ നിന്നുള്ള കര്‍ഷക സംഘടനകളുമുണ്ട്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ബെനിവാളിന്റെ പാര്‍ട്ടി എന്‍ഡിഎയില്‍ എത്തിയത്. പൊതുതെരഞ്ഞെടുപ്പില്‍ ബെനിവാള്‍ നാഗ്പൂരില്‍ നിന്ന് ലോക്‌സഭയില്‍ എത്തുകയും ചെയ്തു. രാജസ്ഥാനില്‍ പാര്‍ട്ടിക്ക് മൂന്ന് എംഎല്‍എമാരുണ്ട്.