X

‘ബംഗ്ലാദേശിലെ ന്യൂനപക്ഷത്തിനൊപ്പം’; പിന്തുണയറിയിക്കുന്ന ബാഗുമായി പാര്‍ലമെന്റിലെത്തി പ്രിയങ്ക ഗാന്ധി

ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാര്‍ഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണയറിയിക്കുന്ന ബാഗുമായാണ് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെത്തിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം നില്‍ക്കുമെന്ന് എഴുതിയ ബാഗാണ് പ്രിയങ്ക ഗാന്ധി ധരിച്ചിരുന്നത്.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം അറിയിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ശൂന്യവേളയില്‍ ബംഗ്ലാദേശ് വിഷയം പ്രിയങ്ക ഗാന്ധി ഉന്നയിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ബംഗ്ലാദേശ് സര്‍ക്കാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.

പലസ്തീന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതിനായി പലസ്തീന്‍ എന്ന് എഴുതിയ തണ്ണിമത്തന്‍ ആലേഖനം ചെയ്ത ബാഗുമായി ഇന്നലെ പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെത്തിയിരുന്നു. പ്രിയങ്കയുടെ ചിത്രം കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

 

webdesk17: