X

അച്ചു ഉമ്മനെതിരായ സി.പി.എം സൈബര്‍ ഗുണ്ടകളുടെ ഹീനമായ അധിക്ഷേപം നേതാക്കളുടെ അറിവോടെ; തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് വൃത്തികേടും കാട്ടുമെന്ന അവസ്ഥയിലാണ് സി.പി.എമ്മെന്ന് പ്രതിപക്ഷ നേതാവ്

പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആദ്യഘട്ടത്തില്‍ സി.പി.എം ജില്ലാ നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചു. തിരിച്ചടിയുണ്ടാകുമെന്ന് കണ്ടപ്പോള്‍ ഇനി ആരും ഉമ്മന്‍ ചാണ്ടിയെ ആക്ഷേപിക്കില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. അതിന് ശേഷം ഇടുക്കിയില്‍ നിന്നും എം.എം മണിയെ ഇറക്കി ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും ആക്ഷേപിച്ചു. നിങ്ങള്‍ സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മനെ കുറിച്ച് പറഞ്ഞോളൂ. പക്ഷെ അദ്ദേഹത്തിന്റെ സഹോദരിമാരെ കുറിച്ച് വളരെ മോശമായ കാമ്പയിനാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

കണ്ടന്റ് ക്രിയേഷനാണ് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ ജോലി. അതിന്റെ ഭാഗമായി അവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വളരെ മോശമായ അടിക്കുറിപ്പോടെ സി.പി.എം പ്രചരിപ്പിക്കുകയാണ്. അച്ചു ഉമ്മന്‍ ഒരു സര്‍വീസും ചെയ്യാതെ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ പേരും അവര്‍ ദുരുപയോഗം ചെയ്തിട്ടില്ല. കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന പെണ്‍കുട്ടിയെ പോലും വെറുതെ വിടുന്നില്ല. ഉമ്മന്‍ ചാണ്ടിയുടെ മകളെന്ന പരിഗണന പോലും കൊടുക്കാതെ സമൂഹമാധ്യമങ്ങളിലൂടെ സി.പി.എം നേതാക്കളുടെ അറിവോടെ കുടുംബത്തെ അധിക്ഷേപിക്കുകയാണ്. വനിതാ മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും അധിക്ഷേപിച്ചത് പോലെ സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ ഒരു പെണ്‍കുട്ടിയെ ഹീനമായ ഭാഷയിലാണ് അധിക്ഷേപിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് വൃത്തികേടും കാട്ടുമെന്ന അവസ്ഥയിലാണ് സി.പി.എം. പക്ഷെ ഒരു കാരണവശാലും അവര്‍ വിജയിക്കില്ല. ഇതെല്ലാം ഒരു തിരിച്ചടിയായി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വര്‍ധിക്കും.

നെല്‍ കര്‍ഷകരുടെ വിഷയം ഏറ്റെടുത്ത് കൊണ്ടാണ് പാലക്കാട് 5000 പേരുടെ മാര്‍ച്ച് സംഘടിപ്പിച്ചത്. കുട്ടനാട്ടില്‍ യു.ഡി.എഫ് നെല്‍കര്‍ഷകരുടെ സംഗമം സംഘടിപ്പിച്ചു. കോട്ടയത്ത് കര്‍ഷക സമരപ്രഖ്യാപന കണ്‍വെന്‍ഷനും നടത്തി. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തില്‍ സംസ്ഥാനത്താകെ ശക്തമായ സമരപരിപാടികള്‍ നടക്കുകയാണ്. കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധിയിലാണ്. പക്ഷെ ഒരു കുഴപ്പവും ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. വിലക്കയറ്റമൊന്നും ഇല്ലെന്നാണ് പറയുന്നത്.

കെ.എസ്.യു പ്രവര്‍ത്തകനോടെ മോശമായി പെരുമാറിയത് ചോദ്യം ചെയ്ത അങ്കമാലി എം.എല്‍.എ റോജി എം. ജോണിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പേട്ടയില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത ഡി.വൈ.എഫ്.ഐ നേതാവിനെ പിടിച്ചതിന്റെ പേരില്‍ പൊലീസ് സ്‌റ്റേഷനിലെത്തി അസഭ്യം പറയുകയും പരസ്യമായി വെല്ലുവിളിക്കുകയും ചെയ്ത സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി എം.എല്‍.എയ്‌ക്കെതിരെ കേസെടുത്തോ? സംസ്ഥാനത്ത് ഇരട്ട നീതിയാണ്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യുന്ന സി.പി.എമ്മുകാരെ പിടിച്ചാല്‍ പൊലീസുകാരെ സ്ഥലം മാറ്റുന്ന അവസ്ഥയാണ്. സി.പി.എമ്മുകാര്‍ക്ക് ഹെല്‍മറ്റ് ബാധകമല്ലെന്ന സര്‍ക്കുലര്‍ ഇറക്കുന്നതാണ് ഇതിലും നല്ലത്. ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും അന്നു രാത്രി തന്നെ സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജോലിക്കാരെ എത്തിച്ച് കെട്ടിടം പണി പൂര്‍ത്തിയാക്കി. പൊലീസും കോടതിയും പാര്‍ട്ടി തന്നെയാണെന്ന രീതിയിലാണ് സി.പി.എം മുന്നോട്ട് പോകുന്നത്.

സി.പി.എമ്മിന്റെ സംസ്ഥാന ജില്ലാ നേതാക്കള്‍ക്ക് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പങ്കുണ്ട്. വിജിലന്‍സ് അന്വേഷിച്ച് നേതാക്കളെയെല്ലാം രക്ഷപ്പെടുത്തി ജീവനക്കാരെ മാത്രം പ്രതികളാക്കി. അതൊക്കെയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അപകടകരമായ രീതിയിലാണ് സി.പി.എം നേതാക്കള്‍ തട്ടിപ്പില്‍ ഇടപെട്ടത്. അതിന്റെ ഉദാഹരമണമാണ് എം.സി മൊയ്തീനെതിരായ കേസ്.

വീണ വിജയനെതിരെ കോണ്‍ഗ്രസല്ല, ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡാണ് പരിശോധന നടത്തിയത്. അവരുടെ അപ്പീല്‍ പോലുമില്ലാത്ത വിധിയാണ് പുറത്ത് വന്നിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എവിടെയാണ് തട്ടിപ്പ് നടത്തിയത്? വീണയുടെ പേര് പറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ മകളെ അധിക്ഷേപിക്കുകയാണ്. ഞങ്ങളാരും വീണ വിജയനെ അധിക്ഷേപിച്ചിട്ടില്ല. ഇന്‍കം ടാക്‌സ് ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ വിധിയില്‍ ഇ.ഡിയും വിജിലന്‍സും കേസെടുക്കേണ്ടതാണ്. പക്ഷെ അവര്‍ അതിന് തയാറാകുന്നില്ല. സംസ്ഥാന സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള സൗഹാര്‍ദ്ദമാണ് ഇതിന് കാരണം. എന്നിട്ടും ബി.ജെ.പിയുമായി യു.ഡി.എഫ് കൂട്ടുകൂടിയെന്നാണ് മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പറഞ്ഞത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് അംഗത്തിന് ബി.ജെ.പി പിന്തുണ നല്‍കി. അദ്ദേഹത്തോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയാറാകാത്തിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അഭിമന്യുവിനെ കൊന്ന എസ്.ഡി.പി.ഐയുമായി ചേര്‍ന്ന് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ യു.ഡു.എഫ് ഭരണത്തെ താഴയിറക്കിയ പാര്‍ട്ടിയുടെ നേതാവാണ് പിണറായി വിജയന്‍. കോട്ടയം നഗരസഭയിലെ യു.ഡി.എഫ് ഭരണവും ബി.ജെ.പിയുമായി ചേര്‍ന്ന് സി.പി.എം താഴെയിറക്കി. പാലക്കാട് പിരിയാരിയില്‍ ബി.ജെ.പിയുമായി ചേര്‍ന്നാണ് സി.പി.എം പ്രസിഡന്റായത്. റാന്നിയിലും കോഴഞ്ചേരിയിലുമൊക്കെ ബി.ജെ.പിയുമായി കൂട്ട് ചേര്‍ന്നവരാണ് ഇതൊക്കെ മറച്ച് വച്ച് യു.ഡി.എഫിനെതിരെ പറയുന്നത്. ഇതിനൊക്കെ നല്ല തൊലിക്കട്ടി വേണം. ബി.ജെ.പിയുമായി സന്ധി ചെയ്തതിനാല്‍ മാസപ്പടി കേസിലും ലൈഫ് മിഷന്‍ കേസിലുമൊന്നും ഇ.ഡി അന്വേഷണമുണ്ടാകില്ല. ഇതിന് പകരമായി കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ രക്ഷിച്ചു.

57 ലക്ഷം പേര്‍ക്ക് നല്‍കേണ്ട ഓണക്കിറ്റ് 6 ലക്ഷം പേര്‍ക്ക് മാത്രമായി ചുരുക്കി. എന്നിട്ടും കൊടുക്കാനുള്ള സാധനങ്ങളില്ല. സപ്ലൈകോയില്‍ നേരത്തെ സാധനങ്ങള്‍ എത്തിച്ച വിതരണക്കാര്‍ക്ക് പണം നല്‍കാനുള്ളതിനാല്‍ അവര്‍ വിതരണം നിര്‍ത്തി. കോവിഡ് കാലത്ത് കിറ്റ് നല്‍കിയവര്‍ക്കുള്ള 700 കോടി ഇതുവരെ നല്‍കിയിട്ടില്ല. കിറ്റ് കൊടുക്കാന്‍ പോലും സാധിക്കാത്തത് സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്നതിന് തെളിവാണ്. യതാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ചാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.

ഗുരുതരമായ അഴിമതികളെയും ധനപ്രതിസന്ധിയെയും വിലക്കയറ്റത്തെയും ജനജീവിതം താറുമാറാക്കിയതിനെയും കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പോലും മറുപടി നല്‍കിയില്ല. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയോ പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാതെ മൗനം ഭൂഷണമായി കൊണ്ടു നടക്കുകയാണ്. ഭയമാണ് മുഖ്യമന്ത്രിക്ക്. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ് കിടക്കുന്ന മുഖ്യമന്ത്രി ഒന്നിനും മറുപടി പറയുന്നില്ല. തനിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ട്. തൊട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്.

webdesk13: