X

ബി.ജെ.പി സഖ്യത്തില്‍ ചേര്‍ന്നതോടെ ശിവസേന എം.പിക്കെതിരായ കേസ് എഴുതിത്തള്ളി

എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതോടെ ശിവസേന എം.പി രവീന്ദ്ര വൈക്കറിനെതിരെ മുമ്പ് രജിസ്റ്റര്‍ ചെയ്ത ഹോട്ടല്‍ നിര്‍മാണ ക്രമക്കേട് കേസ് എഴുതിത്തള്ളി മുംബൈ പൊലീസ്. നേരത്തെ ഉദ്ധവ് താക്കറെ പക്ഷത്തിനൊപ്പമായിരുന്ന രവീന്ദ്ര വൈക്കര്‍ 4 മാസങ്ങള്‍ക്ക് മുമ്പാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നത്.

തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസാണെന്നാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം വിശദീകരണം നല്‍കിയത്. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ഷിന്‍ഡെ പക്ഷവും എന്‍.സി.പി അജിത് പവാര്‍ പക്ഷവും എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാണ്.

ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനുമായുള്ള കരാര്‍ ലംഘിച്ച് നഗരത്തിലെ ജോഗേശ്വരി പ്രദേശത്ത് ഹോട്ടല്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ടാണ് വൈകാറിനെതിരെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം മുമ്പ് കേസെടുത്തത്. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സബ് എഞ്ചിനീയര്‍ സന്തോഷ് മാണ്ഡവ്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. വിശ്വാസ ലംഘനം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

വൈക്കറിന്റെ ഭാര്യ മനീഷയും അദ്ദേഹത്തിന്റെ നാല് മക്കളും കേസില്‍ ഉള്‍പ്പെട്ടിരുന്നു. മുംബൈയിലെ ആസാദ് മൈതാന്‍ പൊലീസ് സ്റ്റേഷനിലാണ് വൈക്കറിനെതിരെ ആദ്യം കേസെടുത്തത്. പിന്നീട് കേസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഏറ്റെടുക്കുകയായിരുന്നു.

2023ല്‍ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് പൂന്തോട്ടം നിര്‍മിക്കാനായി നീക്കിവെച്ച ഭൂമിയില്‍ വൈക്കര്‍ ഹോട്ടല്‍ നിര്‍മിച്ചെന്ന് കാട്ടി അദ്ദേഹത്തിന് നോട്ടീസ് അയച്ചത്. 2023 ജൂണില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൈക്കറിന് ഹോട്ടല്‍ നിര്‍മിക്കാനുള്ള അനുമതി റദ്ദാക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.

ഇതേത്തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗം നല്‍കിയ പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഒക്ടോബറില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

webdesk13: