X
    Categories: Newsworld

വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍; പുരസ്‌കാരം ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ 3 പേര്‍ക്ക്‌

കരോളിൻസ്ക: വൈദ്യശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്. ഹെപ്പറ്റൈറ്റിസ് സി വൈറസിൻ്റെ കണ്ടെത്തലിന് ഹാർവി ജെ ആൾട്ടർ, മൈക്കിൾ ഹൂട്ടൺ, ചാൾസ് എം റൈസ് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരം. സ്റ്റോക്ക്ഹോമിലെ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് നൊബേൽ അസംബ്ലി പുരസ്കാരം പ്രഖ്യാപിച്ചത്.

ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്കാണ് നൊബേൽ സമ്മാനം പ്രഖ്യാപിച്ചത്. കരളിനേല്‍ക്കുന്ന മാരകമായ വൈറസ് രോഗമായ ഹെപ്പറ്റൈറ്റിസ് സി ക്ക് കാരണമായ വൈറസിനെ കണ്ടെത്തിയതിനാണ് പുരസ്‌കാരം. കരള്‍വീക്ക രോഗമായ ഹെപ്പറ്റൈറ്റിസ് പ്രധാനമായും മദ്യപാനം, ആഹാരത്തിലെ വിഷവസ്തുക്കളുടെ സാന്നധ്യം, തുടങ്ങിയ കാരണങ്ങളിലൂടെയാണ് ഉണ്ടാകാറ്. എന്നാല്‍ വൈറല്‍ അണുബാധയും പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പകര്‍ച്ചവ്യാധിയായ ഹെപ്പറ്റൈറ്റിസില്‍ രണ്ട് പ്രധാന തരം ഉണ്ടെന്ന് 1940 കളില്‍ വ്യക്തമായിരുന്നു. ഹെപ്പറ്റൈറ്റിസ് എ എന്ന് നാമകരണം ചെയ്യപ്പെടുന്ന ആദ്യ രോഗം മലിനവെള്ളത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ ആണ് പകരുന്നത്. ഇത് രോഗിയെ ദീര്‍ഘകാലത്തേക്ക് പ്രശ്‌നങ്ങളിലെത്തിക്കുന്നില്ല. എന്നാല്‍ രണ്ടാമത്തെ തരം രക്തത്തിലൂടെയും ശാരീരിക ദ്രാവകങ്ങളിലൂടെയും പകരുന്നതാണ്, ഇത് വളരെ ഗുരുതരവുമാണ്. ഈ രോഗം വിട്ടുമാറാത്ത അവസ്ഥയിലേക്ക് നയിക്കും. സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവക്കും ഇത് കാരണമാകുന്നുണ്ട്.

ഇതേ തകരത്തില്‍ രക്തത്തിലൂടെ പകരുന്നതും ഗുരതരവുമായ വൈറസ് രോഗമാണ് ഹെപ്പറ്റൈറ്റിസ് സി. നോവല്‍ ഗണത്തില്‍ പെടുന്ന ഇതിന് കാരണമായ വൈറസിനെ കണ്ടെത്തിയതിനാണ് ഇത്തവണത്തെ നൊബേല്‍ പുരസ്‌കാരം. ചൊവ്വാഴ്ച ഭൗതികശാസ്ത്രത്തിൻ്റെയും രസതന്ത്രത്തിൻ്റെയും നോബേൽ സമ്മാനങ്ങള്‍ പ്രഖ്യാപിക്കും. ഏറെ കാത്തിരിക്കുന്ന സമാധാനത്തിനുള്ള നൊബേൽ സമ്മാനം വ്യാഴാഴ്ചയായിരിക്കും പ്രഖ്യാപിക്കുക.

 

chandrika: