X

‘ഉപതെരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിൻ്റെ കാറ്റ് വീശും’:  പി കെ ഫിറോസ്

കോഴിക്കോട്: വരാനിരിക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഭരണമാറ്റത്തിൻ്റെ കാറ്റ് വീശുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. സ്വീകരണ സമ്മേളനത്തിൽ നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘ്പരിവാറിന് കേരളത്തിൽ വേരുറപ്പിക്കാനുള്ള സാഹചര്യങ്ങളൊരുക്കാൻ മുഖ്യമന്ത്രി നെട്ടോട്ടമോടുകയാണ്. തൃശൂർ പൂരം കലക്കി ബി.ജെ.പിക്ക് ജയിച്ച് കയറാൻ അവസരമൊരുക്കിയ പിണറായി സർക്കാർ ജനപക്ഷ സർക്കാറല്ല, സംഘ്പക്ഷ സർക്കാറാണെന്നും ഫിറോസ് കുറ്റിപ്പെടുത്തി. അധികാരത്തിൻ്റെ മത്ത് പിടിച്ച് ആളെ കൊല്ലുന്നതിൻ്റെ നടുങ്ങുന്ന കാഴ്ച്ചയാണ് ഇന്ന് കണ്ണൂരിൽ കണ്ടത്. എ.ഡി.എം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, വിളിക്കാത്ത യാത്രയയപ്പ് യോഗത്തിലേക്ക് വന്ന് പരസ്യമായി അപമാനിച്ച് പ്രസംഗിച്ചതിൽ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയത്.

ഇതിനുത്തരവാദിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയെ തള്ളിപ്പറയുന്നതിന് പകരം ന്യായീകരിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കേരളത്തെ മാഫിയാ സംഘങ്ങൾക്ക് തീറെഴുതിക്കൊടുത്ത പിണറായി സർക്കാറിനെതിരെ ശബ്ദിക്കുന്നവരെ വേട്ടയാടി ജയിലിലടച്ച് എതിർശബ്ദങ്ങളെ ഇല്ലാതാക്കാനാണ് ഇടത് സർക്കാർ തിടുക്കം കൂട്ടുന്നത്. എന്നാൽ ഇത്തരം പ്രതികാരങ്ങൾ കൊണ്ട് പിൻമാറുന്നവരല്ല യു.ഡി.വൈ.എഫ് എന്നും ഉപതെരഞ്ഞടുപ്പുകൾ സർക്കാറിനെതിരെയുള്ള സമരമാക്കി മാറ്റുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

webdesk14: