X

ഹിമാചലിലെ കാറ്റ് കോണ്‍ഗ്രസിന് അനുകൂലം

അലി കട്ടയാട്ട്

സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി നിയമസഭ തിരഞ്ഞെടുപ്പ് നടന്ന (1952) സംസ്ഥാനമാണ് ഹിമാചല്‍പ്രദേശ്. അന്ന് ആകെയുണ്ടായിരുന്ന 36 അംഗ നിയമസഭയില്‍ 24 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. യശ്വന്ത്‌സിംഗ് പാര്‍മര്‍ മുഖ്യമന്ത്രി യായി. 1956 മുതല്‍ 1963 വരെ ഹിമാചല്‍ പ്രദേശ് കേന്ദ്രഭരണപ്രദേശമായിരുന്നു. 1993മുതല്‍ 2017 വരെ കേരളം പോലെ കോണ്‍ഗ്രസ്സും ബി.ജെ.പിയും മാറി മാറി ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ 2022ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വീറും വാശിയും വര്‍ധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പതിനാലാമത് നിയമസഭ തിരഞ്ഞെടുപ്പാണ് നവംബര്‍ 12 ന് നടക്കാന്‍ പോകുന്നത്. ഇത്തവണ ആകെയുള്ളത് 55 ലക്ഷത്തിലധികം വോട്ടര്‍മാരാണ്. അതില്‍ 1.86 പേര്‍ പുതിയ വോട്ടര്‍മാരാണ്. 1.22 ലക്ഷം പേര്‍ 80 വയസ്സ് കഴിഞ്ഞ വോട്ടര്‍മാരും. നൂറ് വയസ്സു കഴിഞ്ഞ1184 വോട്ടര്‍മാരുമുണ്ട്. 2017ലെ നിയമ തിരഞ്ഞെടുപ്പില്‍ ആകെ യുള്ള 68 സീറ്റില്‍ ബി.ജെ.പി 45 സീറ്റ് നേടി അധികാരത്തില്‍ വന്നു. കോണ്‍ഗ്രസ് ന് 22 സീറ്റും സി.പി.എമ്മിന് ഒരു സീറ്റും ലഭിച്ചു. മുഖ്യമന്ത്രി ജയറാം ഠാകൂറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് എല്ലായിടത്തും കാണപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നടന്ന നാലു നിയമസഭ തിരഞ്ഞെടുപ്പിലും ലോക്‌സഭ ഉപ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസാണ് വിജയിച്ചത്. മാത്രവുമല്ല ബി.ജെ.പിക്കുള്ളില്‍ ശക്തമായ ആഭ്യന്തര കലാപവുമുണ്ട്. മുന്‍മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമാലും മുഖ്യമന്ത്രി ജയറാം ഠാകൂറും നയിക്കുന്ന ചേരികള്‍ തമ്മിലുള്ള നിരന്തര ഏറ്റുമുട്ടല്‍ ബി. ജെ.പിയുടെ കേന്ദ്രനേതൃത്വത്തിന് നിത്യതലവേദനയാണ്. 2021ലെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവന്നത് ഈ വിഭാഗീയതമൂലമാണെന്നാണ് വിലയിരുത്തല്‍. അഴിമതി കേസില്‍ 2020ല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ബിന്‍ഡാലിന് രാജിവെക്കേണ്ടിവന്നു. വലിയ വിവാദം ഉയര്‍ത്തിയ കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച സി.ബി.ഐ അന്വേഷണത്തിലുമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ സമ്മര്‍ദ ഗ്രൂപ്പാണെങ്കില്‍, പെന്‍ഷന്‍ അടക്കമുള്ള വിഷയങ്ങളില്‍ അവര്‍ സമരത്തിലാണ്.

ഇലക്ഷന്‍ അടുത്തതോടെ ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്ന കാഴ്ചയാണ്. ബി.ജെ.പിയിലെ ചേരിപ്പോരും ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിന് അനുകൂലമാകും എന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതേസമയം മതേതര വോട്ടുകള്‍ക്ക് വിള്ളലുണ്ടാക്കാന്‍ ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. തുടര്‍ ഭരണം എന്ന സ്വപ്‌നം ബി.ജെ.പി ഉപേക്ഷിച്ച മട്ടാണ്. അധ്വാനം ചെയ്താലേ വിജയിക്കാന്‍ സാധിക്കു എന്നതാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബി.ജെ.പി ദേശീയ പ്രസിഡണ്ട് ജെ.പി നദ്ദയുടെ നാടു കൂടിയാണ് ഹിമാചല്‍പ്രദേശ്. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് എയിംസ് ഭാരത് ട്രെയിന്‍, ചമ്പയില്‍ രണ്ട് ജലവൈദ്യുത പദ്ധതി എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതും അമിത്ഷാ പങ്കെടുക്കുന്ന റാലികള്‍ നടത്തുന്നതും പരാജയ ഭീതി മൂലമാണ്.

വര്‍ധിത ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് 57 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി വീരഭദ്ര സിംഗ് കഴിഞ്ഞദിവസം മരിച്ചത് കോണ്‍ഗ്രസിന് കനത്ത നഷ്ടമാണ് വരുത്തിയത്. പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് റാലി നടക്കുകയും പ്രിയങ്കഗാന്ധി പങ്കെടുക്കുകയും ചെയ്തത് കോണ്‍ഗ്രസ്് അണികളില്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ബി.ജെ.പി ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. അതില്‍ പാര്‍ട്ടി നേതാക്കളുംപെടുന്നു. അഴിമതി കേസില്‍ പ്രതിചേര്‍ത്തതിനെതുടര്‍ന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ബിന്ദാലിക്ക് രാജിവെക്കേണ്ടിവന്നത്. ഇതും കോ ണ്‍ഗ്രസ് പ്രചാരണമായുധമാക്കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ വോട്ടുപിടിക്കാന്‍ ശ്രമിക്കുന്ന ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയുടെ ബി ടീം ആയാണ് പ്രവര്‍ത്തിക്കുന്നത്. ഹിമാചല്‍പ്രദേശത്തിന്റെ ചുമതലയുള്ള എ.എ.പി നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദ്ര ജെയിന്‍ അഴിമതി കേസില്‍ അറസ്റ്റിലായത് അവര്‍ക്ക് കനത്ത പ്രഹരമാണ് വരുത്തിവച്ചിരിക്കുന്നത്. ഇതും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.അതേസമയം 11 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സി.പി.എം മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ചെറു കക്ഷികള്‍ മത്സരം രംഗത്ത് ഉണ്ടെങ്കിലും ബി.ജെ.പിയും കോണ്‍ഗ്രസും തന്നെയാണ് ഇത്തവണയും ഹിമാചല്‍പ്രദേശില്‍ അരങ്ങേറുക.

Test User: