കോഴിക്കോട്: ഇടത് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയല്‍ വിജയിപ്പിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ മെയ് 20നാണ് യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധിക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടത് ഭരണം കാരണം കേരളത്തിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
കെല്‍ട്രോണിനെ മുന്നില്‍ നിര്‍ത്തിയുള്ള കൊള്ളയാണ് എ.ഐ ക്യാമറ ഇടപാടില്‍ നടന്നത്. താല്‍ക്കാലിക കമ്പനികളുണ്ടാക്കി സര്‍ക്കാര്‍ ഖജനാവിലെ പണം സി.പി.എമ്മും ഇടതുപക്ഷവും കൊള്ളയടിക്കുകയാണ്. നികുതി വര്‍ധനവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അവശ്യ സാധനങ്ങളുടെ വില ദിനംതോറും കുതിച്ചുയരുകയാണ്. രണ്ട് വര്‍ഷത്തെ ഇടത് സര്‍ക്കാരിന്റെ നെറികേടുകള്‍ എണ്ണിയെണ്ണി ജനകീയ കുറ്റപത്രം സമര്‍പ്പിച്ചുകൊണ്ടാണ് യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയുന്നത്.
ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഈ പ്രക്ഷോഭത്തില്‍ എല്ലാ മുസ്ലിംലീഗ് പ്രവര്‍ത്തകരും പങ്കെടുക്കണം. പ്രത്യേകിച്ചും, തെക്കന്‍ ജില്ലകളിലുള്ള പ്രവര്‍ത്തകരെ പരമാവധി സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിക്കാനും സമരം വന്‍ വിജയമാക്കാനും ജില്ലാ ഭാരവാഹികള്‍ ശ്രദ്ധിക്കണമെന്ന് പി.എം.എ സലാം അറിയിച്ചു.