കോഴിക്കോട്: പിണറായി സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച ജനദ്രോഹ നികുതികള്‍ പ്രാബല്യത്തില്‍ വരുന്ന ഏപ്രില്‍ ഒന്ന് സംസ്ഥാന വ്യാപകമായി കരിദിനമായി ആചരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിരിക്കുകയാണ്. ഇതേ ദിവസം പഞ്ചായത്തുകളിലും നഗരങ്ങളിലും കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടികളുമായി പ്രകടനം നടത്താനാണ് തീരുമാനം.
ഈ പരിപാടി വിജയിപ്പിക്കാന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു. ജില്ലാ തലത്തില്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടക്കും. എല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റിലൂടെ പ്രഖ്യാപിച്ച നികുതി കൊള്ള ആരംഭിക്കുന്ന ദിവസമാണ് ഏപ്രില്‍ ഒന്ന്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് അധിക സെസ് ഏര്‍പ്പെടുത്തിയും മോട്ടോര്‍ വാഹന നികുതി, ഭൂനികുതി തുടങ്ങിയവ വര്‍ദ്ധിപ്പിച്ചും ജനജീവിതം ദുസ്സഹമാക്കാനാണ് ഇടത് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച എല്ലാ പ്രതിഷേധ പരിപാടികളിലും മുസ്ലിംലീഗിന്റെ സജീവ പങ്കാളിത്തമുണ്ടാകുമെന്ന് പി.എം.എ സലാം വ്യക്തമാക്കി.