ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയത്തുടക്കം. വോള്‍വ്‌സ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് യുണൈറ്റഡിന്റെ ജയം. മത്സരത്തിന്റെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം മുന്നേറിയ ഇരുടീമുകളും ആവേശകരമായ മത്സരമാണ് കാണികള്‍ക്ക് സമ്മാനിച്ചത്. വലിയ പ്രതീക്ഷകളോ പുതിയ താരങ്ങളോ സ്ഥിരതയാര്‍ന്ന പ്രകടനമോ ഇല്ലാത്ത ഒരു ടീമായിരുന്നു യുണൈറ്റഡിനെതിരെ കളിച്ച വോള്‍വ്‌സ്. പക്ഷേ ആദ്യ പകുതിയില്‍ ആക്രമണത്തിലും മുന്നേറ്റത്തിലും വോള്‍വ്‌സ് മികച്ച പ്രകടനം പുറത്തെടുത്തു. പലപ്പോഴും ഗോള്‍ മുഖത്തിന് അടുത്തെത്തിയ വോള്‍വ്‌സിനെ തടയാന്‍ യുണൈറ്റഡ് പ്രതിരോധം നന്നായി വിയര്‍ത്തു.
രണ്ടാം പകുതിയില്‍ 74ാം മിനിറ്റിലെ ഗോളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വിജയത്തിലേക്ക് നയിച്ചത്. യുണൈറ്റഡ് താരങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റം തടഞ്ഞ് നിര്‍ത്താന്‍ വോള്‍വ്‌സിന് കഴിഞ്ഞില്ല. റാഫേല്‍ വരാന്‍ ആണ് ഗോള്‍ നേടിയത്. ആരോണ്‍ ബാന്‍ ബിസാക്കയാണ് ഗോളിന് അസിസ്റ്റ് ചെയ്തത്. പിന്നാലെ വോള്‍വ്‌സ് നടത്തിയ ശ്രമങ്ങള്‍ യുണൈറ്റഡിന്റെ പുതിയ ഗോള്‍കീപ്പര്‍ ആന്‍ഡ്രേ ഒനാനയില്‍ തട്ടി നിന്നു. എങ്കിലും മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ ഉണ്ടായ പെനാല്‍റ്റി അവസരം ലഭിക്കാതെ പോയതും വോള്‍വ്‌സിന് തിരിച്ചടിയായി.
96ാം മിനിറ്റില്‍ വോള്‍വ്‌സ് താരവും യുണൈറ്റഡ് കീപ്പറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഫീല്‍ഡ് റഫറിക്ക് പുറമെ വാര്‍ പരിശോധനയിലും വോള്‍വ്‌സിന് പെനാല്‍റ്റി അനുവദിക്കപ്പെട്ടില്ല. വോള്‍വ്‌സ് അധികൃതര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിന് ശേഷം വോള്‍വ്‌സ് അധികൃതരും മാച്ച് ഒഫിഷ്യല്‍സും ക്ഷമാപണവുമായി രം?ഗത്തെത്തുകയും ചെയ്തു.