X

ഗുജറാത്ത് ലയണ്‍സിന് ജയം: റൈന കളിയിലെ താരം

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത ലയണ്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് 4 വിക്കറ്റിന് വിജയിച്ചു. വിന്‍ഡീസ് താരം സുനില്‍ നരൈന്റെയും റോബിന്‍ ഉത്തപ്പയുടെയും മികവില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 18.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് ലയണ്‍സ് മറികടന്നു.

46 ബോളില്‍ 84 അടിച്ചെടുത്ത ഗുജറാത്ത് ലയണ്‍സിന്റെ നായകന്‍ സുരേഷ് റൈനയാണ് ഗുജറാത്തിന്റെ വിജയത്തിന് മുന്നില്‍ നിന്ന നയിച്ചത്. ഗുജറാത്തിന്റെ നായകന്‍ തന്നെയാണ് കളിയിലെ താരവും.

യഥാര്‍ത്ഥ ഹീറോ 84 റണ്‍സ് നേടിയ നായകന്‍ സുരേഷ് റൈനയായിരുന്നു. മിന്നല്‍ വേഗതയില്‍ തട്ടുതകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് റൈന നടത്തിയത്. ക്രീസില്‍ എത്തിയത് മുതല്‍ ആക്രമണ വാസന കാട്ടിയ താരം ഒരു ബൗളറെയും ബഹുമാനിച്ചില്ല. രവീന്ദു ജഡേജയെ കൂട്ടിന് കിട്ടിയപ്പോള്‍ എല്ലാ പന്തുകളിലും ആക്രമണമായിരുന്നു. സ്വന്തം മൈതാനത്ത് സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ പരാജയം കൂടിയാണിത്.

186 റണ്‍സ് പിന്തുടര്‍ന്ന ജയിച്ചതോടെ ഈഡന്‍ ഗാര്‍ഡനില്‍ പിന്തുടര്‍ന്ന ജയിക്കുന്ന രണ്ടാമത്തെ വലിയ സ്‌കോറെന്ന റെക്കോര്‍ഡ് കൂടി ഗുജറാത്തിന് സ്വന്തമായി. ആറ് കളികളില്‍ നിന്ന രണ്ട് വിജയം സ്വന്തമാക്കിയ ഗുജറാത്തിന് കൊല്‍ക്കത്തയോട് പൊരുതി നേടിയ വിജയം ചെറിയ ആത്മവിശ്വാസമല്ല നല്‍കുന്നത്.

നേരത്തെ, 17 പന്ത് മാത്രം നേരിട്ട സുനില്‍ നരൈന്‍ ഒമ്പത് ഫോറും ഒരു സിക്‌സറുമടക്കം 42 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഓപ്പണര്‍മാരായ സുനില്‍ നരേനും (42), ഗൗതം ഗാംഭിറും (33) ടീമിന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഫോമിലുള്ള ഉത്തപ്പയായിരുന്നു ടോപ് സ്‌ക്കോറര്‍. 48 പന്തില്‍ 72 റണ്‍സുമായി ബാംഗ്ലൂര്‍കാരന്‍ മിന്നിയപ്പോള്‍ യൂസഫ് പത്താന്‍ പുറത്താവാതെ 11 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ മഴ തടസ്സപ്പെടുത്തിയെങ്കിലും ആരോണ്‍ ഫിഞ്ചും (31), ബ്രെന്‍ഡന്‍ മക്കലവും (33) ഉഗ്രന്‍ തുടക്കമാണ് ടീമിന് നല്‍കിയത്.

chandrika: