സുഫ്‌യാന്‍ അബ്ദുസ്സലാം
കോടതിവിധി വന്നതോടെ കേരളത്തിലെ കുടുംബങ്ങളില്‍, വിശേഷിച്ചും മുസ്‌ലിം, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ അങ്കലാപ്പും അനിശ്ചിതത്വവും പ്രകടമായി. ഭൂപരിഷ്‌കരണ നിയമമനുസരിച്ച് മാതാവും പിതാവും മൂന്ന് മൈനര്‍ (18 വയസ്സിന് താഴെയുള്ള) കുട്ടികളും അടങ്ങുന്ന കുടുംബത്തിന് പരമാവധി കൈവശം വെക്കാവുന്ന ഭൂമി 20 സ്റ്റാന്‍ഡേര്‍ഡ് ഏക്കറായിരുന്നു. ബാക്കി വരുന്ന ഭൂമി സര്‍ക്കാരിന് നല്‍കണം. അതോടെ 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശം നഷ്ടപ്പെട്ടു. ഓരോ ഉള്‍ക്കുടുംബങ്ങള്‍ക്കും പ്രത്യേകം ഭൂപരിധി നിശ്ചയിക്കുന്ന രീതിയാണ് അവിഭക്ത ഹൈന്ദവ കുടുംബങ്ങളില്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ഇത് ഹൈന്ദവ കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നില്ല. എന്നാല്‍ പ്രത്യേക പിന്തുടര്‍ച്ചാനിയമങ്ങള്‍ പിന്തുടരുന്ന മുസ്‌ലിം-ക്രിസ്ത്യന്‍ കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിച്ചു. മുസ്‌ലിം വ്യക്തി നിയമമനുസരിച്ച് പിതാവ് ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ക്ക് അവകാശം ലഭിക്കില്ല എന്ന അവസ്ഥ പരിഗണിച്ച് മുസ്‌ലിം കുടുംബനാഥന്മാര്‍ നല്‍കിയ ഇഷ്ടദാനം 1974 ലെ ഹൈക്കോടതി വിധിയിലൂടെ അസാധുവായി.
അവിഭക്ത ഹിന്ദു കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം മുസ്‌ലിം, ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക്കൂടി ലഭ്യമാകുന്ന ഭേദഗതി അതോടെ അനിവാര്യമായി. തദനുസൃതമായ ഇഷ്ടദാന ബില്‍ കൊണ്ടുവരാന്‍ ഐക്യമുന്നണി സര്‍ക്കാര്‍ തീരുമാനമെടുത്തു. തീരുമാനമെടുത്തത് മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരും റവന്യു മന്ത്രി ബേബി ജോണിന്റെയും നേതൃത്വത്തിലായിരുന്നു.
പി.കെ.വി സര്‍ക്കാര്‍ ഇഷ്ടദാനബില്‍ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി 1970 മുതല്‍ 1974 വരെയുള്ള ഇഷ്ടദാനങ്ങള്‍ക്ക് നിയമ പ്രാബല്യം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഗവര്‍ണറുടെ ഓര്‍ഡിനന്‍സ് പ്രകാരമുള്ള ബില്ലുകള്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ മുന്നില്‍ നില്‍ക്കേണ്ട മുഖ്യമന്ത്രി പി.കെ.വിക്ക് അപ്പോഴാണ് ചാഞ്ചാട്ടമുണ്ടാകുന്നത്. അക്കാലമത്രയും നിയമസഭയില്‍ ഇഷ്ടദാനത്തിന് വേണ്ടി ഘോരഘോരം പ്രസംഗിച്ച പി.കെ.വി പെടുന്നനെ ഇഷ്ടദാന ബില്‍ ‘ശരിയല്ല’ എന്ന വാദമുന്നയിച്ച് ഐക്യമുന്നണിയില്‍ നിന്ന് ഇറങ്ങിപ്പോയി. 1979 ഒക്ടോബര്‍ 8 നു ഇഷ്ടദാനബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ തീരുമാനമായതായിരുന്നു. എന്നാല്‍ അതേദിവസം തന്നെ മുഖ്യമന്ത്രിപദം രാജിവെക്കാന്‍ പി.കെ.വി തിരഞ്ഞെടുത്തു. കമ്യൂണിസ്റ്റുകാരിലെ ന്യൂനപക്ഷ വിരുദ്ധമായ ‘വരേണ്യവീര്യം’ പ്രകടമായ സംഭവമായിരുന്നു അത്. ഐക്യമുന്നണിയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന ഇഷ്ടദാന ബില്ലിനെതിരെ നിലപാട് സ്വീകരിക്കുന്നത് നയ വഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇഷ്ടദാന ബില്ലിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്ന് മുസ്‌ലിംലീഗും പ്രഖ്യാപിച്ചു.
പി.കെ.വി രാജിവെച്ചതോടെ ഐക്യമുന്നണി സര്‍ക്കാര്‍ തകരുമെന്നാണ് കമ്യൂണിസ്റ്റുകാര്‍ സ്വപ്‌നം കണ്ടത്. അതുവഴി ഇഷ്ടദാനത്തെ ഇല്ലാതാക്കാനും കമ്യൂണിസ്റ്റ് ഐക്യം സാക്ഷാത്കരിക്കാനും കഴിയുമെന്നവര്‍ കരുതി. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ കൈകോര്‍ത്തുപിടിച്ചു. സര്‍ക്കാരിനെ തള്ളിയിട്ട് ഇഷ്ടദാനത്തെ ഇല്ലാതാക്കാമെന്ന് മനക്കോട്ട കെട്ടിയവര്‍ക്ക് വലിയ തിരിച്ചടിയുണ്ടായി. ഇഷ്ടദാന നിയമത്തിന്റെ അഭാവം ഏറെ കഷ്ടപ്പെടുത്തിയിരുന്ന ക്രിസ്ത്യന്‍ സമൂഹവും അതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ യത്‌നിച്ചു. പ്രതിഭാധനനും സര്‍വസ്വീകാര്യനും തന്ത്രശാലിയുമായ സി.എച്ച് മുഖ്യമന്ത്രി സ്ഥാനത്ത് വരിക മാത്രമാണ് പരിഹാരമെന്ന് അവരും തിരിച്ചറിഞ്ഞു. സി.എച്ചിനെ മുഖ്യമന്ത്രിയാക്കാന്‍ പാലാ ബിഷപ്പ് ഡോ. സെബാസ്റ്റ്യന്‍ വയലില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. ജോര്‍ജ് മാത്യൂവിന് കത്ത് കൈമാറി. അതോടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് (ഐ), കോണ്‍ഗ്രസ് (യു), എന്‍.ഡി. പി, പി.എസ്.പി, ജനതാപാര്‍ട്ടി എന്നീ രാഷ്ട്രീയകക്ഷികളും പിന്തുണ പ്രഖ്യാപിച്ചു. അതോടെ സി.എച്ച് മുഹമ്മദ്‌കോയയെ മുഖ്യമന്ത്രിയായി ഐക്യമുന്നണി പ്രഖ്യാപിച്ചു. സി.എച്ച് മന്ത്രിസഭ വരാതിരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പല അടവുകളും പയറ്റിനോക്കി. പക്ഷേ സംഭവിക്കേണ്ടത് സംഭവിച്ചു. 1979 ഒക്ടോബര്‍ 12 വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം സി.എച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
1979 ഒക്ടോബര്‍ 22 ന് നിയമസഭ ചേര്‍ന്നു. 24ാം തീയതി തന്നെ ഇഷ്ടദാനവുമായി ബന്ധപ്പെട്ട ഭൂ പരിഷ്‌കരണ നിയമ ഭേദഗതി സി.എച്ച് അവതരിപ്പിച്ചു. പി.കെ.വിയും ഇ.എം.എസും നേതൃത്വം നല്‍കുന്ന പ്രതിപക്ഷം അതിനെതിരെ ശക്തമായ വാദങ്ങളുയര്‍ത്തി. ഭേദഗതി കര്‍ഷക വിരുദ്ധമാണെന്നും 1969 ല്‍ കെ.ആര്‍ ഗൗരിയമ്മ കൊണ്ടുവന്ന ബില്‍ അതേപടി നിലനിര്‍ത്തണമെന്നും ഇ.എം.എസ് പറഞ്ഞപ്പോള്‍ ആ ബില്ലില്‍ ‘സ്‌നേഹ വാത്സല്യങ്ങളുടെ’ പേരില്‍ ഇഷ്ടദാനം ചെയ്യാമെന്ന വ്യവസ്ഥയുണ്ടെന്ന കാര്യം എ.കെ ആന്റണി ഓര്‍മ്മിപ്പിച്ചു. ഗൗരിയമ്മയുടെ ബില്‍ അങ്ങനെ തന്നെ നിലനിര്‍ത്തുകയാണോ വേണ്ടതെന്ന ആന്റണിയുടെ ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു ഇ.എം.എസിന്റെ മറുപടി. വാത്സല്യത്തിന്റെ പേരില്‍ ഇഷ്ടദാനം നല്‍കാമെന്ന് വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ പിന്തുണക്കുന്ന ഇ.എം.എസ് ആണോ അതോ അത് റദ്ദ് ചെയ്ത കോടതിയാണോ കര്‍ഷകരുടെ ബന്ധു എന്ന് സി.എച്ച് പരിഹസിച്ചു. കര്‍ഷക വാത്സല്യത്തിന്റെ പേരിലല്ല സ്‌നേഹവാത്സല്യം എന്ന് കമ്യൂണിസ്റ്റുകാര്‍ ബില്ലില്‍ ചേര്‍ത്തത് എന്ന് അദ്ദേഹം ഇ.എം.എസിനെ ഓര്‍മിപ്പിച്ചു. സ്‌നേഹവാത്സല്യത്തിന്റെ പേരില്‍ ആര്‍ക്കും വാരിക്കോരി കൊടുക്കാമായിരുന്ന മാര്‍ക്‌സിസ്റ്റുകള്‍ പാസാക്കിയ ഇഷ്ടദാനത്തെ 1972 ല്‍ അച്യുതമേനോന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സര്‍ക്കാര്‍ മക്കള്‍ക്കും പേരമക്കള്‍ക്കും മാത്രമാക്കി ചുരുക്കുകയാണ് ചെയ്തത് എന്നും അതാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദ് ചെയ്തത് എന്നും അതിനുള്ള പരിഹാരമാണ് പുതിയ ബില്‍ എന്നും സി.എച്ച് സഭയെ ബോധ്യപ്പെടുത്തി.
1957 ലെയും 1960 ലെയും കാര്‍ഷിക പരിഷ്‌കാര ബില്ലിലും 1964 ലെയും 1969 ലെയും ഭൂ പരിഷ്‌കരണ ബില്ലിലും ഇഷ്ടദാനം ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം സഭയില്‍ തെളിവുകള്‍ നിരത്തി സംസാരിച്ചു. മാത്രവുമല്ല, ന്യൂനപക്ഷങ്ങള്‍ക്കുണ്ടായ ആശങ്ക അകറ്റണമെന്നത് ഞങ്ങളുടെ മാത്രം ആവശ്യമല്ലെന്നും 1972 ജൂലൈ 23 നു രാജ്യത്തെ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ‘വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ ബാധകമായിട്ടുള്ള പ്രായപൂര്‍ത്തിയായ സന്താനങ്ങള്‍ക്ക് ഇതുമൂലം വിവേചനം ഉണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്’ എന്ന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ ഉദ്ധരിച്ച് അദ്ദേഹം സമര്‍ത്ഥിച്ചു.
സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്‍ മാത്രമാണ് സഭ ചേര്‍ന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്‍ തന്നെയായിരുന്നു. മൂന്നുദിവസത്തെ ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇ.എം.എസും പി.കെ.വിയും ടി.കെ രാമകൃഷ്ണനുമെല്ലാം ഉയര്‍ത്തിയ മറുവാദങ്ങള്‍ക്ക് വളരെ കൃത്യമായി അദ്ദേഹം മറുപടി പറഞ്ഞു. കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്‍, കേരള പഞ്ചായത്ത് ഭേദഗതി ബില്‍, കേരള അഭിഭാഷക ക്ഷേമനിധി ബില്‍, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബില്‍ എന്നിവ ആറ് ദിവസങ്ങള്‍ക്കുള്ളില്‍ സി.എച്ച് അവതരിപ്പിച്ച് പാസാക്കിയെടുത്ത ബില്ലുകളാണ്.
ഇഷ്ടദാന ബില്‍ പാസായതിന് ശേഷം പ്രത്യേകിച്ചൊരു കാരണവും ഇല്ലാതെ കേരള കോണ്‍ഗ്രസ് (എം) പിന്തുണ പിന്‍വലിച്ചു. ശേഷം കോണ്‍ഗ്രസ് (യു) കൂടി പിന്തുണ പിന്‍വലിച്ചതോടെ സി.എച്ച് മുഖ്യമന്ത്രി പദം രാജിവെച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന നാളുകളായിരുന്നു സി.എച്ചിന്റെ ഭരണകാലം.
(അവസാനിച്ചു)