ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡില്‍ നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളെയും ക്രിസ്ത്യാനികളേയും ഒഴിവാക്കിയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ ആഭ്യന്തര മന്ത്രാലയം. പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ന്റിങ് കമ്മിറ്റി തന്നെ അത്തരമൊരു നിര്‍ദ്ദേശം മുന്‍പോട്ട് വച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ അതീവ കരുതലോടെ നീങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏകീകൃത സിവില്‍ കോഡിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. ബി.ജെ.പിയുടെ സഖ്യ കക്ഷികള്‍ തന്നെ എതിര്‍പ്പുമായി പരസ്യമായി രംഗത്തുണ്ട്.
നാഗാലന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ നേതൃത്വത്തില്‍ ഭരണ കക്ഷിയംഗങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ട് കഴിഞ്ഞ ദിവസം ആശങ്കയറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഗോത്ര വിഭാഗങ്ങളെയും, ക്രിസ്ത്യന്‍ സമുദായത്തെയും സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കാമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി സംഘം വ്യക്തമാക്കിയെങ്കിലും ആഭ്യന്തര മന്ത്രാലയം ഇതുവരെയും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ നിയമകാര്യ സ്റ്റാന്‍ന്റിങ് കമ്മിറ്റി അധ്യക്ഷന്‍ സുശീല്‍ മോദിയും ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കുക എന്ന ആലോചന മുന്‍പോട്ട് വച്ചിരുന്നു. എന്നാല്‍ കരുതലോടെ നീങ്ങിയാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഏതെങ്കിലും വിഭാഗങ്ങളെ ഒഴിവാക്കുമെന്ന പ്രചാരണം മറ്റുള്ളവര്‍ക്കിടയിലെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഘടകക്ഷികള്‍ക്കിടയില്‍ നിന്ന് തന്നെ ഉയരുന്ന കടുത്ത എതിര്‍പ്പിനെ എങ്ങനെ മറികടക്കുമെന്നതും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. കേരളമടക്കം മറ്റ് സംസ്ഥാനങ്ങളില്‍ ഉയരുന്ന പ്രതിഷേധവും കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. അതേ സമയം ഉത്തരാഖണ്ഡ് സിവില്‍കോഡിന്റെ കരട് അടുത്ത ശനിയാഴ്ച ജസ്റ്റിസ് രഞ്ജന ദേശായി അധ്യക്ഷയായ സമിതി സര്‍ക്കാരിന് സമര്‍പ്പിക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് ലക്ഷത്തോളം ആളുകളെ നേരില്‍ കണ്ട് അഭിപ്രായം തേടിയാണ് കരട് തയ്യാറാക്കിയത്. ഏകീകൃത സിവില്‍ കോഡില്‍ നിന്നും ഗോത്ര വിഭാഗങ്ങളേയും ക്രിസ്ത്യാനികളേയും ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രി തന്നെ നാഗലന്‍ഡ് മുഖ്യമന്ത്രിക്ക് ഉറപ്പ് കൊടുത്തതോടെ കേന്ദ്രത്തിന് സിവില്‍ കോഡ് കൊണ്ടു വരുന്നതിന് പിന്നിലെ ലക്ഷ്യം വര്‍ഗീയ ധ്രുവീകരണമാണെന്ന് വ്യക്തമാണ്. മണിപ്പൂര്‍ അടക്കം കേന്ദ്രം കടുത്ത പ്രതിരോധത്തിലായതോടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കേന്ദ്രം ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.