X

ഇനിയെങ്കിലും ഒന്നാവുമോ

കെ.എന്‍.എ ഖാദര്‍

മതേതര കക്ഷികളും മത ന്യൂനപക്ഷങ്ങളും ദലിത് പിന്നാക്ക ജനസമൂഹങ്ങളും സംസ്ഥാന തലങ്ങളിലും ദേശീയ തലത്തിലും ചില സുപ്രധാന രാഷ്ട്രീയ ദൗത്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. ജനാധിപത്യ ഇന്ത്യയിലെ ഇതുവരെയുള്ള രാഷ്ട്രീയ ശൈലിയനുസരിച്ച് ഈ ചുമതല ഏറ്റെടുത്തു നിര്‍വഹിക്കാറുള്ളത് വ്യത്യസ്ത രാഷ്ട്രീയ കക്ഷികളാണ്. ഈ കക്ഷികള്‍ മിക്കതും ഇത്തരം ചരിത്ര ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നതിലും നിര്‍വഹിക്കുന്നതിലും വീഴ്ചകള്‍ വരുത്താറുണ്ട്. ഒന്നുകില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ തക്കസമയത്ത് അവര്‍ മനസ്സിലാക്കുന്നില്ല, അല്ലെങ്കില്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്നു. മറ്റൊന്ന് പലപ്പോഴും ചുമതല ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാതെ പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. ഇക്കാരണങ്ങളാല്‍ മനംമടുത്ത്‌പോയ വിവിധ ജനവിഭാഗങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ കഴിവനുസരിച്ച് ആരെയും കാത്തുനില്‍ക്കാതെ സ്വയം ഏറ്റെടുക്കേണ്ടിവരുന്നു. പിന്നീട് ജാള്യത ഒഴിവാക്കാന്‍ ചിലപ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ അതിനെ പിന്തുണച്ചുകൊണ്ട് ഒപ്പംചേരുന്നു. ഈ പ്രക്ഷോഭ സമരങ്ങള്‍ വിജയിക്കുന്നപക്ഷം അതില്‍ പങ്കുപറ്റാന്‍ അവരില്‍ ചിലര്‍ക്കു കഴിയുന്നു.

സ്വയംഭൂവായി പ്രത്യക്ഷ്യപ്പെടുന്ന ജനകീയ മുന്നേറ്റങ്ങള്‍ പലതും ആവേശഭരിതങ്ങളായി മാറുന്നു. യഥാര്‍ഥ മനുഷ്യര്‍ അവരുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങളാല്‍ പൊറുതിമുട്ടുമ്പോള്‍ ഒരു രാഷ്ട്രീയക്കാരനെയും കാത്തുനില്‍ക്കാതെ പച്ചക്കുനടത്തി വിജയിച്ച സമരങ്ങള്‍ പലതുണ്ട്. കര്‍ഷക സമരം അതില്‍ ഒന്നായിരുന്നു. വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രശ്‌നങ്ങളിലേക്ക് ജനശ്രദ്ധകൊണ്ടുവരാന്‍ കഴിഞ്ഞ മറ്റു സമരങ്ങള്‍ നിരവധിയാണ്. ഏതുഭരണകാലത്തും അത്തരം സമരങ്ങള്‍ നടന്നിട്ടുണ്ട്. പൗരത്വ സംരക്ഷണത്തിനു വേണ്ടി വിദ്യാര്‍ഥികളും യുവാക്കളും നടത്തിയ സമരം, അഗ്നിപഥ് വിഷയത്തില്‍ യുവാക്കള്‍ തുടങ്ങിയ സമരം എന്നിവ എടുത്ത്പറയേണ്ടതാണ്. കെ റെയില്‍ വിഷയത്തില്‍ കേരളത്തില്‍ നടന്ന സമരമുള്‍പ്പെടെ ഈ വിഭാഗത്തില്‍ പലതുമുണ്ട്. ഇന്ത്യയുടെയും ലോകത്തിന്റെയും ചരിത്രത്തില്‍ എണ്ണമറ്റ സമരങ്ങള്‍ ജനം പരപ്രേരണ കൂടാതെ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ ജനകീയ പ്രശ്‌നങ്ങളോട് കാണിക്കുന്ന വിമുഖതയും അവഗണനയും ചെറുതൊന്നുമല്ല. കൃഷിക്കാര്‍, തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, ദലിതര്‍, പിന്നാക്കക്കാര്‍ എന്നിവര്‍ ഇപ്പോഴും അവഗണിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. അര്‍ഹിക്കുന്ന ഗൗരവത്തോടെയോ ഉത്തരവാദിത്തത്തോടെയോ ആരും അവരുടെ പ്രശ്‌നങ്ങളില്‍ ഇതുവരെ ഇടപെട്ടിട്ടില്ല.

അതേസമയം അത്തരക്കാരുടെ ഏത് അസ്വസ്ഥതകളെയും അഭിമുഖീകരിക്കാന്‍ ഭരിക്കുന്നവരുടെ ഏക ആയുധം മതമാണ്. എല്ലാസമരങ്ങളെയും തോല്‍പ്പിക്കുന്നതിനും ജനാധിപത്യ മുന്നേറ്റങ്ങള്‍ക്ക് തടയിടാനും ഇന്ത്യയിലെ ഒറ്റമൂലി മതമാണ്. ഈ ദിവ്യ ഔഷധം യഥാസമയം പ്രയോഗിച്ചുകൊണ്ടാണ് വര്‍ഗീയ വലതുപക്ഷ കക്ഷികള്‍ സകല വിജയങ്ങളും കൊയ്തുകൊണ്ടിരിക്കുന്നത്. ചെറിയ അളവില്‍ മറ്റുള്ളവരും ഇതൊക്കെ പ്രയോഗിക്കാറുണ്ടെങ്കിലും വന്‍തോതില്‍ വ്യവസായികാടിസ്ഥാനത്തില്‍ മതങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് രാജ്യം ഭരിക്കുന്നവര്‍ തന്നെയാണ്. ഇതിനുപകരംവെക്കാവുന്ന രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ ഉണ്ടെങ്കിലും അവ ബന്ധപ്പെട്ടവര്‍ പ്രയോഗിക്കുന്നില്ല. രാജ്യത്തിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ മഹാത്മാഗാന്ധിയോളം രാഷ്ട്രം ബഹുമാനിച്ച മറ്റൊരു നേതാവ് പിറന്നിട്ടില്ല. അദ്ദേഹത്തിന്റെ മൂല്യബോധവും സത്യസന്ധയും ത്യാഗമനോഭാവവും നിശ്ചയദാര്‍ഢ്യവും ആത്മാര്‍ഥതയും അഹിംസാസിദ്ധാന്തങ്ങളും ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍നിന്നും അവാഹിച്ചതാണ്. ഗാന്ധിജിയുടെ ജീവിത ദര്‍ശനങ്ങളും രാഷ്ട്രീയ സിദ്ധാന്തങ്ങളും ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നേരിടാനും പറ്റിയ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ തന്നെയാണ്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ കിടിലം കൊള്ളിച്ച ഗാന്ധിയന്‍ വഴികള്‍ ഇന്ത്യയിലെ ഫാസിസ്റ്റ് ഏകാധിപത്യ വര്‍ഗീയ, വലതുപക്ഷ ശക്തികളെ നേരിടാന്‍ പര്യപ്തമാണ്. ഇതു തിരിച്ചറിയാന്‍ ഇന്ത്യന്‍ മതേതരവാദികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. രാജ്യം മുഴുവന്‍ ഇളക്കി മറിക്കാന്‍ ആവശ്യമായ സ്‌ഫോടക ശക്തി ഉറങ്ങിക്കിടക്കുന്നത് ഗാന്ധിജിയിലാണ്. അദ്ദേഹത്തിന്റ ദര്‍ശനങ്ങള്‍ക്ക് ആ ശക്തി കൈവന്നത്. ഗാന്ധിജി എന്ന മനുഷ്യന്റെ കരങ്ങള്‍ അതു പ്രയോഗിച്ചതുകൊണ്ടാണ്. അതുപോലൊരു മഹാമനുഷ്യന്‍ ഇന്നില്ല എന്നതു നാം അഭിമുഖീകരിക്കുന്ന വന്‍പ്രതിസന്ധിയാണ്. ഇന്ത്യയിലാര്‍ക്കും ഒരു മഹാത്മാഗാന്ധിയാവാന്‍ ഇനി സാധ്യമല്ല. എങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകളും ആശയങ്ങളും നല്‍കുന്ന പ്രചോദനം ജനങ്ങള്‍ക്കു പകര്‍ന്നുകൊടുക്കാന്‍ നമുക്ക് കഴിയും. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ചൂടുപകരാന്‍ ആ കനല്‍തരിയിലാണ് ഊതേണ്ടത്്. അതില്‍ മതവും മതേതരവും മനുഷ്യനും ഒരുപോലെ അന്തര്‍ലീനമാണ്. ഒരു സംഘം നേതാക്കളും ഒരുപറ്റം പാര്‍ട്ടികളും ഒരുമിച്ചുനിന്ന് ആ ജോലി ചെയ്യണം. സംസ്ഥാനത്തെ പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ദേശീയ രാഷ്ട്രീയ മതേതരമുന്നേറ്റങ്ങളെ തടസ്സപ്പെടുത്തരുത്. ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ഗതാഗത സൗകര്യങ്ങള്‍, മറ്റു വികസന വിഷയങ്ങള്‍ എന്നിവയാണ് ഈ സംസ്ഥാനത്തെ യു.ഡി.എഫ്-എല്‍.ഡി.എഫ് മല്‍സരങ്ങളുടെ പ്രധാന അടിത്തറ. ഇക്കാര്യങ്ങളില്‍ വ്യക്തമായ വ്യത്യസ്ത നിലപാടുകളാണ് ഏറ്റുമുട്ടലുകള്‍ക്ക് കാരണമാകുന്നത്. അവയെല്ലാം തുടരുന്നതിലോ, മികച്ച ജനജീവിതത്തിന്‌വേണ്ടി പ്രവര്‍ത്തിക്കുന്നതിലോ ഒരു തെറ്റുമില്ല. യു.ഡി.എഫ് അതു ചെയ്യാന്‍ ബാധ്യസ്ഥരാണ്. ദേശീയതയിലെത്തുമ്പോള്‍ മേലുദ്ധരിച്ച ജീവല്‍ പ്രശ്‌നങ്ങള്‍ക്കുപുറമേ അതിപ്രധാനമായ അസ്തിത്വ വിഷയങ്ങളായി തര്‍ക്കം വികസിക്കുന്നു. കേന്ദ്രസര്‍ക്കാരും ഭരണകക്ഷിയും ഒരു ഭാഗത്തും ഇന്ത്യയിലെ മുഴുവന്‍ മതേതര ജനാധിപത്യ പാര്‍ട്ടികളും മറുഭാഗത്തുമെന്ന നിലകൈവരിക്കുന്നു. അസ്തിത്വമുള്ള മനുഷ്യര്‍ക്ക് ഒരു ജനാധിപത്യ രാജ്യത്തെ സുഗമമായ ജീവിതത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളിലാണ് സംസ്ഥാന വിഷയം കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയൊട്ടാകെ നേരിടുന്ന വെല്ലുവിളികള്‍ ഇന്ത്യന്‍ ജനതയുടെ അസ്തിത്വം തന്നെ ചോദ്യംചെയ്യാന്‍ തക്കതാണ്. ഭരണ ഘടന, ജനാധിപത്യം, വ്യക്തി സ്വാതന്ത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, പൗരത്വം, മതേതരത്വം, ബഹുസ്വരത എല്ലാം വെല്ലുവിളിക്കപ്പെടുന്ന ഘട്ടത്തില്‍ സംസ്ഥാനങ്ങളിലെ തര്‍ക്കങ്ങള്‍ പ്രഥമ പരിഗണനാസ്ഥാനത്തുനിന്നും മാറുന്നു. ദേശീയമായ ഭീഷണികള്‍ മറന്നും മറികടന്നും നിലനില്‍ക്കത്തക്കതായി സംസ്ഥാന വിഷയങ്ങള്‍ മാറാതെ നോക്കേണ്ടതാണ്. എങ്കില്‍ മാത്രമേ ദേശീയ മതേതര സഖ്യം സ്ഥാപിതമാകുകയുള്ളൂ. സംസ്ഥാന വിഷയങ്ങള്‍ക്കും ദേശീയ പ്രശ്‌നങ്ങള്‍ക്കുമിടയില്‍ സന്തുലിതത്വം പാലിക്കാന്‍ കഴിയണം. അതിനാവശ്യമായ രാഷ്ട്രീയ പക്വത മതേതര പാര്‍ട്ടികള്‍ കൈവരിക്കണം. അതു എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്.

ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും നേരിട്ടു കടന്നുചെല്ലാന്‍ സാധിക്കുന്ന ഇന്ത്യന്‍ ജനതയോടു അവരുടെ ഭാഷയില്‍ സംവദിക്കാന്‍ സാധിക്കുന്ന ജനനേതാക്കളുടെ ഒരു കൂട്ടം രൂപപ്പെടുത്താന്‍ മതേതര കക്ഷികള്‍ക്കു കഴിയണം. അതിനാവശ്യമായ ചെറു സംഘങ്ങളും അവരെ ഏകീകരിപ്പിക്കാനും നയിക്കാനും കഴിയുന്ന ദേശീയ നേതാക്കളുടെ ഒരു നിരയും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഇന്നത്തെ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തന ശൈലിത്തന്നെ പ്രയോജനരഹിതമാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നു മടങ്ങിയെത്തിയ മഹാത്മാഗാന്ധി തന്റെ മരണം വരെ ഇന്ത്യയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍നിന്നും ആവേശമുള്‍ക്കൊണ്ടുവേണം ഒരു പുത്തന്‍ പ്രവര്‍ത്തനശൈലി വാര്‍ത്തെടുക്കാന്‍. ഏതാനും വര്‍ഷങ്ങള്‍ അതിനാവശ്യമാണ്.

Test User: