ദോഹ: കാറ്റ് നിറച്ച തുകല്‍ പന്തിനൊപ്പം ഹൃദയം കൊണ്ട് നടക്കുന്ന കോടാനു കോടി ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധ ഇനി നാലു രാജ്യങ്ങളില്‍. ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ ലൈനപ്പായപ്പോള്‍ ഇനി അവശേഷിക്കുന്നത് അര്‍ജന്റീന, ക്രൊയേഷ്യ, മൊറോക്കോ, ഫ്രാന്‍സ് എന്നീ ടീമുകള്‍. രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം, ചൊവ്വാഴ്ച ആദ്യ സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെയും രണ്ടാം സെമിയില്‍ ഫ്രാന്‍സ് മൊറോക്കോയെയും നേരിടും. കാല്‍പ്പന്തിലെ ലോക ചാമ്പ്യന്മാരെ കണ്ടെത്താന്‍ 32 ടീമുകള്‍ തമ്മില്‍ നവംബര്‍ 20 ന് ആരംഭിച്ച വിശ്വ പോരാട്ടം ഇനി നാല് മത്സരങ്ങളിലേക്കായി ചുരുങ്ങുമ്പോള്‍ ഫുട്‌ബോള്‍ നെഞ്ചേറ്റിയവര്‍ കാത്തിരിക്കുന്നത് അവസാന അങ്കത്തിലെത്തുന്നത് ആരായിരിക്കുമെന്നതാണ്.
ഇനി അവശേഷിക്കുന്നത് രണ്ട് യൂറോപ്യന്‍ ടീമുകളും ഒരു ലാറ്റിനമേരിക്ക- ആഫ്രിക്കന്‍ ടീമുകളുമാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ് ആയ ക്രൊയേഷ്യയുമാണ് സെമിയിലെ യൂറോപ്യന്‍ സാന്നിധ്യം. മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന വര്‍ഷങ്ങളുടെ കിരീട വരള്‍ച്ചക്ക് വിരാമമിടാനാണ് എത്തുന്നത്. ചരിത്രം കുറിച്ച് സെമിയിലെത്തിയ ആദ്യ ആഫ്രിക്കന്‍ സംഘമായ മൊറോക്കോക്ക് ഇതുവരെയുള്ള യാത്രതന്നെ തങ്കലിപികളാല്‍ ചേര്‍ത്തു വെക്കാവുന്നതാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനം വന്നാലും ഇത്തവണ അത്ഭുതപ്പെടേണ്ട. അത്രമേല്‍ അമ്പരപ്പ് ഖത്തര്‍ ഇതിനോടകം തന്നെ സമ്മാനിച്ചിട്ടുണ്ട്. ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടന്ന ഫ്രാന്‍സ്, പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെയും ക്വര്‍ട്ടറില്‍ ഇംഗ്ലണ്ടിനെയും വീഴ്ത്തിയാണ് അവസാന നാലിലെത്തിയത്. പരിക്ക് മൂലം ലോകകപ്പിന്റെ തുടക്കത്തില്‍ വലിയ ആശങ്കയുണ്ടായെങ്കിലും ചാമ്പ്യന്മാര്‍ അധികാരികമായ മുന്നേറ്റം നടത്തിയാണ് അവസാന നാലില്‍ എത്തിയത്. കിലിയന്‍ എംബാപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍, ഒലിവര്‍ ജിറൂദ്, ലോറിസ്, തുടങ്ങിയ പ്രതിഭാധനരെല്ലാം ഫോമിലെന്നതാണ് കരീം ബെന്‍സെമ പോള്‍പോഗ്ബാ തുടങ്ങിയ താരങ്ങളുടെ അഭാവത്തിലും ഫ്രാന്‍സിന് മേല്‍െൈക്ക നല്‍കുന്ന ഘടകം. കഴിഞ്ഞ ലോകകപ്പിന് സമാനമായ താരനിരയുമായെത്തിയ ക്രൊയേഷ്യയാകട്ടെ വയസന്‍ സംഘമെന്ന വിമര്‍ശനങ്ങളാണ് ആദ്യ ഘട്ട മത്സരങ്ങളില്‍ കേട്ടത്. എന്നാല്‍ മൂക്കും തോറും പാകമാകുന്ന അമാനുഷിക ശക്തിയാണ് തങ്ങളെന്ന് തെളിയിച്ചാണ് ഇപ്പോള്‍ മുന്നേറുന്നത്. മൊറോക്കോയോട് ആദ്യമത്സരത്തില്‍ സമനില വഴങ്ങി തുടങ്ങിയ മോഡ്രിച്ചും സംഘത്തിനും പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല. അട്ടിമറി വീരന്മാരായ ജപ്പാനെ ഷൂട്ടൗട്ടില്‍ മറികടന്ന് ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത് കരുത്തരായ ബ്രസീലിനെ. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിനൊരുങ്ങുകയാണ് ക്രോട്ടുകള്‍.
സഊദി അറേബ്യയോട് തോറ്റുതുടങ്ങിയ അര്‍ജന്റീനക്കും ഇത് തിരിച്ചുവരവിന്റെ ലോകകപ്പാണ്. അപാര ഫോമില്‍ കളിക്കുന്ന നായകന്‍ മെസി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ ടീമെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അര്‍ജന്റീനക്ക് ഇതുവരെ ആയിട്ടുണ്ട്.
പ്രീ ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെയും ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനെയും തോല്‍പ്പിച്ചാണ് മുന്‍ ചാമ്പ്യന്‍മാര്‍ അവസാന നാലില്‍ ഇടം തേടിയത്. ഇത്തവണ കിരീട സാധ്യത കല്‍പിക്കപ്പെട്ട ടീമുകളിലൊന്നാണ് അര്‍ജന്റീന എന്നതും വിസ്മരിക്കാനാവില്ല. സൂപ്പര്‍ താരങ്ങളായ സി.ആര്‍ സെവനും നെയ്മറും കീരിടമില്ലാതെ കണ്ണീരോടെ മടങ്ങിയ ഖത്തറില്‍ മെസിയെ കാത്തിരിക്കുന്നതെന്തെന്നറിയാനാണ് ഇനി ലോകം കാത്തിരിക്കുന്നത്.
ഈ ലോകകപ്പ് ചെപ്പിലൊളിപ്പിച്ച് കാത്തിരുന്ന അത്ഭുതം അറ്റ്‌ലസ് സിംഹങ്ങളെന്നറിയപ്പെടുന്ന മഗ്‌രിബ് രാജ്യങ്ങളിലൊന്നായ ആഫ്രിക്കന്‍ സംഘം മൊറോക്കോയാണ്. ലോകകപ്പിലെ കറുത്ത കുതിരകളായെത്തി അട്ടിമറി തുടരുകയാണ് മൊറോക്കോ. ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെ പിടിച്ചു കെട്ടി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലെത്തിയ സംഘം ഏറ്റവും സന്തുലിത സംഘമെന്ന് വിശേഷിപ്പിക്കപ്പെട്ട സ്‌പെയിനിനെയും കെട്ടുകെട്ടിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയും തോല്‍പ്പിച്ചാണ് 92 വര്‍ഷത്തെ ഫിഫ ചരിത്രത്തിലാദ്യമായി ആഫ്രിക്കക്ക് അവസാന നാലിലൊരിടം സംഘടിപ്പിച്ചത്. സെമിയില്‍ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ വീഴ്ത്തി മെസിപ്പടയും അട്ടിമറിക്ക് അവസാനം കുറിച്ച് എംബാപ്പെയുടെ ഫ്രാന്‍സും അവസാന അങ്കത്തിന് എത്തുമെന്നാണ് ഭൂരിപക്ഷവും കണക്കു കൂട്ടുന്നത്. സെമിയില്‍ ക്രൊയേഷ്യയെ വീഴ്ത്തി മെസിപ്പടയും മൊറോന്‍ മിറാക്കിള്‍ അവസാനിപ്പിച്ച് ഫ്രാന്‍സും 18-ന് ലുസെയ്ലില്‍ എത്തുമെന്നു തന്നെയാണ് ലോകം കരുതുന്നത്. അര്‍ജന്റീന ജയിച്ചാല്‍ ലയണല്‍ മെസി എന്ന ഇതിഹാസ താരത്തിന്റെ കരിയര്‍ പൂര്‍ണതയിലെത്തും. ഫ്രാന്‍സ് കിരീടത്തില്‍ മുത്തമിട്ടാല്‍ ആറു പതിറ്റാണ്ടിനു ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് അവര്‍ സ്വന്തമാക്കും. അര്‍ജന്റീന മൊറോക്കോ ഫൈനലാണ് സംഭവിക്കുന്നതെങ്കില്‍ 72 വര്‍ഷത്തിനു ശേഷം ആദ്യമായി യൂറോപ്പില്‍ നിന്നൊരു ടീം ഇല്ലാത്ത ലോകകപ്പ് ഫൈനലായി അതു മാറും. 1950ലാണ് ഇതിനു മുമ്പ് അങ്ങനെയൊരു ഫൈനല്‍ അരങ്ങേറിയത്. അന്ന് ലാറ്റിനമേരിക്കന്‍ ടീമുകളായ യുറുഗ്വായും ബ്രസീലും ഏറ്റുമുട്ടിയപ്പോള്‍ ജയം യുറുഗ്വായ്ക്കായിരുന്നു. ക്രൊയേഷ്യ – ഫ്രാന്‍സ് ഫൈനലാണെങ്കില്‍ 2018ന്റെ ആവര്‍ത്തനമായി മാറും ഇത്. ഇരു ടീമുകള്‍ ജയിച്ചാലും അത് ചരിത്രമാവുകയും ചെയ്യും. ക്രൊയേഷ്യ – മൊറോക്കോ ഫൈനലിന് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിതൂര സാധ്യത പോലും കല്‍പിക്കുന്നില്ലെങ്കിലും ഇത്തരമൊരു ഫൈനല്‍ സംഭവിച്ചാല്‍ കിരീടത്തിന് പുതിയ അവകാശികളാവും. ആദ്യ പത്ത് റാങ്കില്‍ പോലുമില്ലാത്ത ടീമുകളുടെ ഫൈനലായി അതു മാറുകയും ചെയ്യും. കാര്യങ്ങള്‍ ഇവ്വിതമാണെങ്കിലും ഖത്തറില്‍ ഇതുവരെ നടന്ന സംഭവവികാസങ്ങള്‍ ഇഴകീറി പരിശോധിച്ചാല്‍ സെമിഫൈനല്‍ പ്രവചിക്കാന്‍ ആര്‍ക്കും ധൈര്യമില്ലെന്നതാണ് സത്യം.