ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി സ്പാനിഷുകാരന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിനെ നിയമിച്ചു. പുതിയ പരിശീലകനായി റൊബര്‍ട്ടോ മാര്‍ട്ടിനസിനെ നിയമിച്ച വിവരം പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ആറു വര്‍ഷത്തോളം ബെല്‍ജിയത്തെ പരിശീലിപ്പിച്ചതിനുശേഷമാണ് മാര്‍ട്ടിനസ് പോര്‍ച്ചുഗലിലേക്കെത്തുന്നത്. ബെല്‍ജിയത്തിന്റെ സുവര്‍ണ നിരയെന്ന് വിശേഷിപ്പിക്കുന്ന ടീമിനെ പരിശീലിപ്പിച്ചെങ്കിലും ടീമിനെ കിരീട നേട്ടത്തിലെത്തിക്കാന്‍ മാര്‍ട്ടിനസിന് സാധിച്ചിരുന്നില്ല.
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ബെല്‍ജിയം പുറത്തായിരുന്നു. മാര്‍ട്ടിനസിന്റെ കീഴില്‍ ബെല്‍ജിയമിറങ്ങിയ 80 മത്സരങ്ങളില്‍ 56 വിജയവും 13 സമനിലകളും 11 തോല്‍വിയുമാണുള്ളത്. 2018 റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയം ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചതാണ് പ്രധാന നേട്ടം. 2018ല്‍ ബെല്‍ജിയം സ്‌പോര്‍ട്‌സ് കോച്ച് ഓഫ് ദി ഇയറായും മാര്‍ട്ടിനസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സ്വാന്‍സീ സിറ്റി, വിഗാന്‍ അത്‌ലറ്റിക്, എവര്‍ട്ടണ്‍ തുടങ്ങിയ ക്ലബ്ലുകളേയും മാര്‍ട്ടിനസ് പരിശീലിപ്പിച്ചിട്ടുണ്ട്.
മാര്‍ട്ടിനസ് തനിക്ക് പരിശീലിപ്പിക്കാന്‍ യുവ ടീം മതിയെന്ന് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഫലത്തില്‍ സഊദി ക്ലബ്ബ് അല്‍ നസ്‌റിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബാധിച്ചേക്കും. നിലവിലെ സ്‌ക്വാഡിലുള്ള ബെര്‍ണാഡോ സില്‍വ, ജോവോ ഫെലിക്‌സ്, റാഫേല്‍ ലിയാവോ തുടങ്ങിയ യുവ നിരയില്‍ പ്രതീക്ഷ വെച്ചാണ് മാര്‍ട്ടിനസ് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ സമ്മതിച്ചതെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.