X

എന്‍ഡിഎ സര്‍ക്കാര്‍ വീഴുമോ? ഹരിയാന,ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പുകള്‍ മോദിയുടെ ചങ്കിടിപ്പേറ്റുന്നു

ഹരിയാനയും, ജമ്മുകശ്മീരും നിര്‍ണയിക്കും എന്‍ഡിഎ സര്‍ക്കാരിന്റെ ഭാവി, എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല. ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എല്ലാ അഭിപ്രായ സര്‍വ്വേകളും പ്രവചിച്ചു കഴിഞ്ഞു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധിയെഴുതാന്‍ പോകുന്ന ജമ്മു കാശ്മീരും മറിച്ച് ചിന്തിക്കുന്നതേ ഇല്ല.

ഗുസ്തി താരങ്ങളുടെയും കര്‍ഷക പ്രതിഷേധങ്ങളുടെയും കടുത്ത എതിര്‍പ്പ് ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ ചെറുതായൊന്നുമല്ല അലട്ടുന്നത്. ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ 10 ല്‍ 5 സീറ്റും പിടിച്ചെടുത്ത് കോണ്‍ഗ്രസ് ഡ്രൈവിങ് സീറ്റില്‍ തന്നെയാണ്. മുതിര്‍ന്ന വനിതാ നേതാവ് കുമാരി ഷെല്‍ജ ഭൂപീന്ദര്‍ ഹുഡയ്‌ക്കൊപ്പം ശക്തമായി രംഗത്തിറങ്ങിയത് ബിജെപിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി.

ഹരിയാനയില്‍ ജാട്ട് വിഭാഗവും കര്‍ഷകരും രജപുത്രരും വ്യത്യസ്ത കാരണങ്ങളാല്‍ ബിജെപിക്കെതിരാണ്. ജാട്ട് വിഭാഗത്തിന്റെ പാര്‍ട്ടിയും മുന്‍ സഖ്യകക്ഷിയുമായ ജെജെപി ശക്തമായ ബിജെപി വിമര്‍ശനത്തിലൂടെ കോട്ടകള്‍ കാത്തുരക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്ന സാഹചര്യമില്ല.

നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള സഖ്യത്തിലൂടെ ജമ്മു കാശ്മീരിലും കോണ്‍ഗ്രസ് ഡ്രൈവിംഗ് സീറ്റിലാണ് എന്നത് ബിജെപിയെ ചെറുതായൊന്നുമല്ല സമ്മര്‍ദത്തിലാഴ്ത്തിയിട്ടുള്ളത്. ജമ്മു കാശ്മീരിലെ ആകെ സീറ്റുകളില്‍ ബിജെപി ശ്രദ്ധിക്കുന്നത് ജമ്മു മേഖലയില്‍ മാത്രമാണ്. ഇവിടെ നിന്ന് പരമാവധി സീറ്റ് നേടി മുഖ്യ പ്രതിപക്ഷമാകാനാണ് ബിജെപി ശ്രമം. പതിവില്‍ നിന്ന് വ്യത്യസ്തമായി മോദിയല്ല ഇക്കുറി ഈ സംസ്ഥാനങ്ങളില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. മോദി പ്രഭാവം മങ്ങുന്നു എന്ന് ഇതില്‍ നിന്നുതന്നെ വ്യക്തം. പരാജയത്തിന്റെ ഉത്തരവാദിത്തം മോദിയുടെ തലയില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണിതെന്ന് വിലയിരുത്തപ്പെടുന്നു.

ഈ വര്‍ഷമൊടുവില്‍ മഹാരാഷ്ട്രയും തുടര്‍ന്ന് ഝാര്‍ഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങളും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. നിലവിലെ സാഹചര്യത്തില്‍ ബിജെപി ഇവിടങ്ങളിലെല്ലാം കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. കരുത്തരായ പ്രാദേശിക നേതാക്കളുടെ അഭാവമാണ് ഈ സംസ്ഥാനങ്ങളിലെല്ലാം ബിജെപിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്.

ഇതിനൊപ്പം മോദിയുടെ തട്ടകമായ ഗുജറാത്തും തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി തന്നെ മുന്നോട്ടുപോകുമെന്ന സൂചനകള്‍ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. ഇവിടങ്ങളിലാകെ തെരഞ്ഞെടുപ്പ് തിരിച്ചടിയുണ്ടായാല്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നിലനില്‍പ് തന്നെ അവതാളത്തിലാകും.

webdesk13: