കെ.എന്‍.എ ഖാദര്‍
ചൈനയിലോ റഷ്യയിലോ ആരെങ്കിലും തൊഴിലിനോ പിരിവിനോ പോകാറുണ്ടോ? സഖാക്കള്‍ക്കുപോലും പോവാനുള്ളത് പിരിവിനോ തൊഴിലിനോ ആണെങ്കില്‍ അറബ് നാടുകളിലും, ചികിത്സക്കാണെങ്കില്‍ അമേരിക്കയിലുമാണ്. പിന്നെയെന്തിന് സകലരും മുഖ്യമന്ത്രിയെ ട്രോളണം.? അദ്ദേഹം ഏതു രാജ്യത്തായാലും പോയി ഭൂമിയില്‍ ലഭ്യമാക്കാവുന്ന ഏറ്റവും നല്ല ചികിത്സ നേടി ആയുരാരോഗ്യ സൗഭാഗ്യത്തോടെ കഴിയട്ടെ. അദ്ദേഹത്തിന്റെ പാര്‍ട്ടി ഇനിയും കേരളം ഭരിക്കരുതെന്നല്ലേ ട്രോളന്മാരുടെ ഉള്ളിലിരുപ്പ്. അങ്ങിനെ പറയാനും ആഗ്രഹിക്കാനും ആര്‍ക്കും അവകാശമുണ്ട്. തിരിച്ചു പറയാന്‍ മറ്റുള്ളവര്‍ക്കും അതുണ്ട്. അതാണ് ജനാധിപത്യം. അതൊന്നും അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ എണ്ണം നോക്കിയല്ല തീരുമാനിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ കമ്യൂണിസ്റ്റുകാരുടെ നല്ലകാലത്തുപോലും ഭരണം കിട്ടിയ ഒരിടത്തും മുതലാളിത്ത രാജ്യങ്ങളിലേപോലെ സാമ്പത്തിക വളര്‍ച്ചയോ സാങ്കേതിക ഉയര്‍ച്ചയോ ഉണ്ടായില്ല. അതിനെന്താ അതു മനസ്സിലാക്കിയ ജനം അവരെ ഭരണത്തില്‍ നിന്നു വലിച്ചു താഴെയിട്ടില്ലേ.? അല്‍പ്പം വൈകിയാണെന്നുമാത്രം. ഇന്നേവരെ സഖാക്കളാരും റഷ്യയിലോ, ചൈനയിലോ പോയി ഒരു പാട്ട കുലുക്കിയിട്ടില്ല. അച്ചടിച്ച രസീതികുറ്റിയുമായി പോയി പാര്‍ട്ടി ഓഫീസിന് പണം പിരിച്ചിട്ടുമില്ല. പോയിട്ട് കാര്യമില്ലാത്തതു കൊണ്ടും അത്തരം കാര്യങ്ങള്‍ക്ക് ചെല്ലാന്‍ അവര്‍ സമ്മതിക്കാത്തതുകൊണ്ടുമാണ്. പോകുന്നതെത്ര വലിയ നേതാവായാലും ഉത്തര കൊറിയയിലോ മറ്റോ ആണെങ്കില്‍ പിന്നെ മടങ്ങിവരികയുമില്ല.
ഉള്ളതു പറയണമല്ലോ. വിദേശ യാത്രകള്‍ എല്ലാവര്‍ക്കും പുതിയ അറിവുകള്‍ നല്‍കും. വൈജ്ഞാനിക ചക്രവാളം വികസിതമാവും. അത് ഇരുമ്പുകൊണ്ട് നിര്‍മ്മിച്ചതാവരുതെന്നുമാത്രം. ഗള്‍ഫിലെ സാധാരണ പ്രവാസികള്‍ക്കുപോലും റഷ്യന്‍ ഭാഷ വശമായതെങ്ങിനെ. കമ്യൂണിസ്റ്റ് ഭരണം തകര്‍ന്നതോടെ അതുവരെ അവിടെ ശ്വാസം മുട്ടിയും അന്നം മുട്ടിയും കഴിഞ്ഞിരുന്ന യുവതി യുവാക്കള്‍ ഇരുമ്പുമറകള്‍ ഭേദിച്ച് പുറത്തുകടന്നു. ഒരു നല്ല ജീവിതം നേടിയവര്‍ ലോകമാകെ പരന്നൊഴുകി. അവര്‍ അധികവും ഗള്‍ഫിലേക്ക് കടന്നു. നിരന്തരമായ വരവും പോക്കും കാരണം പ്രവാസികളും അറബികളും റഷ്യന്‍ ഭാഷ പഠിച്ചു. അറബിയും മലയാളവുമൊക്കെ ചെറുകഷ്ണങ്ങളാക്കി റഷ്യക്കാരും കൊണ്ടുപോയി. പണം മാത്രമല്ല പ്രവാസികള്‍ നേടിയത്. പുത്തന്‍ ഭാഷകളും സംസ്‌കാരങ്ങളും നൂതന സാങ്കേതിക വിദ്യയും കൂടിയാണ്. പരസ്പരം കലര്‍ന്നും പങ്കുവെച്ചുമല്ലാതെ മനുഷ്യര്‍ ഒന്നും നേടിയിട്ടില്ല. വംശശുദ്ധിയെന്ന ഒന്ന് വെറും മിഥ്യയാണ്. അതിനാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇതര രാഷ്ട്രീയകക്ഷി നേതാക്കളും പ്രവര്‍ത്തകരുമൊക്കെ വിദേശങ്ങളിലും സ്വദേശത്തും വേണ്ടത്ര യാത്ര ചെയ്യണം. അതോടെ അവരില്‍ ചിലരെങ്കിലും നന്നായേക്കും. നാടും നന്നാവും. മനസും ചിലപ്പോള്‍ വിശാലമാവും.
അച്യുതാനന്ദന്റെ ഒരു വലിയ കുഴപ്പം അദ്ദേഹം കേരളം വിട്ടുപോകില്ല എന്നതാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഗാലക്‌സിയും ഭൂഗോളവുമൊക്കെ ആലപ്പുഴയാണ്. അദ്ദേഹം ഏറെക്കാലം നയിച്ചിരുന്ന പാര്‍ട്ടിയോ പേരിനൊരു ഭൂലോക പാര്‍ട്ടിയും. സര്‍വ ദേശങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന തൊഴിലാളി വര്‍ഗത്തിന് സ്വര്‍ഗം വാഗ്ദാനം ചെയ്ത കക്ഷി. പ്രാദേശികവാദികളും ജാതിമത വര്‍ഗീയ വംശീയ തടവറകളില്‍ ബന്ധനസ്ഥനായി കഴിയുന്നവരും ലോകം ചുറ്റാനിറങ്ങുന്നത് നല്ലതാണ്. മനുഷ്യര്‍ സ്വയം തീര്‍ത്ത തടവറക്കുള്ളില്‍ കഴിയുന്നവരാണ്. സ്വയം ചുമന്നു നടക്കുന്ന ജയിലുകള്‍. എത്ര തവണ ഭൂമിയെ ചുറ്റിവന്നാലും മനസു വിശാലമാകാത്തവരും ഉണ്ട്. അവരില്‍ ചില ഇന്ത്യക്കാരെയും കാണാം. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഊരുചുറ്റുന്നവര്‍ സ്വന്തം ചിലവില്‍ പോയിക്കൊള്ളണം. നാട്ടുകാരുടെ ചിലവിലാകരുത്. നിവൃത്തിയുള്ളവര്‍ അതാണ് ചെയ്യേണ്ടത്. ലോക ജനതക്കായി നല്‍കപ്പെടുന്ന ഒരു തത്വശാസ്ത്രവും സ്വന്തം അടുക്കളകളിലെ അട്ടത്തു വെച്ച് കരി പിടിപ്പിക്കരുത്. പിന്നെയെന്തും കണ്ടാല്‍ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോകും. ഇടതുമന്ത്രിസഭയിലെ കുറെപേരെയെങ്കിലും വിദേശ പര്യടനങ്ങള്‍ക്കയക്കണം. ദിവസങ്ങളോളം സ്വന്തം ചിലവില്‍ ആവശ്യമുള്ളത്ര എല്ലാ രാഷ്ട്രങ്ങളിലും പോയി അവര്‍ മടങ്ങിവരട്ടെ. അത് കേരളത്തിന് നല്ലതാണ്. കൂടുതല്‍ കുതിരശക്തിയോടെ അവര്‍ തിരിച്ചുവരും. അത്രകാലം ഇവിടെ തിരുവനന്തപുരത്തിരുന്ന് മനുഷ്യരെ ബുദ്ധിമുട്ടിക്കില്ലല്ലോ. ഭരണമെന്ന ഈ ഏര്‍പ്പാടുകൊണ്ട് സഹികെട്ട നാട്ടുകാര്‍ക്കിച്ചിരി കുളിര്‍കാറ്റുകിട്ടും. വിദ്യാഭ്യാസമന്ത്രി തന്നെ ഒരിക്കലെങ്കിലും ലോകം കണ്ടു മടങ്ങിവന്നാല്‍ നമ്മുടെ കുട്ടികളുടെ നിലവാരം കുറയാതെ നോക്കാം. സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ വേണമെങ്കില്‍ ഉപദേഷ്ടാവായി നിയമിക്കുകയും ചെയ്യാം. മികച്ച യാത്രികന്‍ അദ്ദേഹമാണല്ലോ.
ആരും എവിടെയും പോയിട്ടില്ലായിരുന്നെങ്കില്‍ മനുഷ്യന്റെ സ്ഥിതി എന്താകുമായിരുന്നു. മൊറോക്കോയിലെ സാഫി നഗരത്തിനടുത്തുള്ള ജുബല്‍ ഇര്‍ഹുദ് പര്‍വത ഗുഹയില്‍നിന്നും കിട്ടിയ ഹോമോ വിഭാഗത്തില്‍പെട്ട മനുഷ്യന്റെ ഫോസിലുകള്‍ക്ക് മൂന്നു ലക്ഷം വര്‍ഷങ്ങളാണ് പഴക്കം. അവര്‍ക്കും പറയാനുള്ളത് യാത്രയുടെ കഥയാണ്. നമ്മുടെ അറിയപ്പെടുന്ന മുതുമുത്തശിയുടെ ബന്ധുക്കള്‍ എരിത്രിയയില്‍ നിന്നും ജിബൂട്ടിയില്‍ നിന്നും ആഫ്രിക്കന്‍ വന്‍കര വിട്ട് നടക്കാന്‍ ആരംഭിച്ചതുകൊണ്ടാണ് നാം ഇവിടെയെത്തിയത്. മനുഷ്യര്‍ ലോകത്ത് പരന്നത് അങ്ങിനെയാണ്. ഇന്നാകട്ടെ നടക്കാതെയാണല്ലോ മനുഷ്യര്‍ പറക്കുന്നത്. നമ്മുടെ കാലുകള്‍ക്കെന്തുപറ്റി. കാലുണ്ടായിട്ടും നടക്കാന്‍ വയ്യാത്തതു കൊണ്ടാണല്ലോ മനുഷ്യര്‍ പറക്കുന്നത്. മധ്യേഷ്യയിലെ കസാക്കിസ്ഥാനില്‍ കുതിരകളെ മേയ്ച്ച് കുന്തവുമായി നടന്നവര്‍ അന്നന്നത്തെ അന്നം തേടി ഇറാഖിലൂടെയും അഫ്ഗാന്‍ മലമടക്കുകളിലൂടെയും സഞ്ചരിച്ച് ഇന്ത്യയിലുമെത്തി. അതിനു മുമ്പേ സിന്ധു നദീതടങ്ങളില്‍ മികച്ച നാഗരീകത ഉണ്ടായിരുന്നു. അവിടം പുരാതന മനുഷ്യവാസ കേന്ദ്രമായിരുന്നു. അവരും വന്നവരും ചേര്‍ന്നാണ് പിന്നെ നടന്നത്. ഇറാഖിലെ കൃഷിക്കാരാണ് നമ്മെ കൃഷി ചെയ്യാന്‍ പഠിപ്പിച്ചത്. മൊസെപ്പോട്ടേമിയന്‍ നാഗരികത അതിനു മുമ്പും ഉണ്ടായിരുന്നു. നമ്മളെങ്ങിനെ നമ്മളായി എന്ന കഥ തുടങ്ങുന്നതും യാത്രകളില്‍ നിന്നാണ്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന വക്കീലിനെ ദക്ഷിണാഫ്രിക്കയിലേക്ക് തന്റെ കേസ് നടത്താന്‍ ഗുജറാത്തില്‍ നിന്നു കൂട്ടിക്കൊണ്ടുപോയ ദാദാ അബ്ദുള്ള സേഠ് ചെയ്ത സേവനം ചെറുതാണോ? മടങ്ങിവന്നപ്പോള്‍ നാം കണ്ടത് സത്യവും നീതി ബോധവും കരുണയും കൊണ്ട് ജ്വലിക്കുന്ന ഒരു പുതിയ മനുഷ്യനെയാണ്. ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെ തീച്ചുളയില്‍ വാര്‍ത്തെടുക്കപ്പെട്ട ഒരു മഹാത്മാവ് അങ്ങിനെയാണ് നമുക്കുണ്ടായത്. മയോ ക്ലിനിക്കുകളിലെ ചികിത്സക്ക് പോയതു കൊണ്ടോ ഇടക്കൊന്നു ദുബായിലും പോയതുകൊണ്ട് അതൊന്നുമായില്ലെങ്കിലും ആയതായി. കോവിഡിന്റെ മൂന്നാം തരംഗം ഒമിക്രോണിന്റെ വേഷത്തില്‍ കേരളമാകെ മെഗാതിരുവാതിര കളിക്കുന്ന കാലത്താണ് മുഖ്യമന്ത്രിക്ക് പോകേണ്ടിവന്നത്. എന്തുചെയ്യാം രോഗം വന്നാല്‍ അങ്ങിനെയാണല്ലോ. ആരോഗ്യ കാര്യങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്തായിപ്പോയില്ലേ. ചികിത്സ കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ വെറുതെ ഒരു ചുറ്റിക്കളി ദുബായ് മേഖലയില്‍ വേണമായിരുന്നോ എന്നതാണ് ചിലരുടെ സംശയം. യുക്തമായ ആവശ്യങ്ങള്‍ക്കായി ലോകത്ത് കറങ്ങുന്നതിനെയാണ് മക്കളെ ലോകായുക്ത എന്നു വിളിക്കുന്നത്?