X
    Categories: NewsSports

ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിടുന്ന ആദ്യ മലയാളി നായകനാകുമോ സഞ്ജു

അഹമ്മദാബാദ്: സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്കെതിരെ സംസാരിച്ചിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രബലരായിരുന്നു സുനില്‍ ഗവാസ്‌ക്കറും ആകാശ് ചോപ്രയും. മലയാളി നായകനെ നന്നായി പിന്തുണച്ചവരായിരുന്നു രവിശാസ്ത്രിയും ഇര്‍ഫാന്‍ പത്താനും. സഞ്ജുവിലെ ബാറ്റര്‍ അല്‍പ്പമധികം ജാഗ്രത പാലിക്കണമെന്ന പക്ഷത്തായിരുന്നു സഞ്ജയ് മഞ്ച്‌രേക്കര്‍.

ഇന്ന് യുവ നായകന്‍ ഫൈനല്‍ കളിക്കാനിറങ്ങുമ്പോള്‍ അദ്ദേഹത്തിന് വിമര്‍ശകരില്ല. രണ്ടാം എലിമിനേറ്ററില്‍ ബെംഗളൂരുവിനെ രാജസ്ഥാന്‍ തകര്‍ത്തതിന് പിറകില്‍ സഞ്ജുവിലെ നായകനാണെന്ന് എല്ലാവരും സമ്മതിക്കുന്നു. ബെംഗളൂരു നല്ല തുടക്കം നേടി (രജത് പടിദാര്‍-ഫാഫ് ഡുപ്ലസി എന്നിവര്‍ ക്രീസിലുള്ളപ്പോള്‍). എന്നാല്‍ ഈ കൂട്ടുകെട്ട്് തകര്‍ക്കാന്‍ മക്കോയിയെ രംഗത്തിറക്കിയ സഞ്ജു പിന്നെ തന്ത്രപരമായ ബൗളിംഗ് മാറ്റങ്ങളിലുടെ ബെംഗളൂരുവിനെ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. 155 എന്ന ബെംഗളൂരു സ്‌ക്കോര്‍ ഒരിക്കലും ഭദ്രമായിരുന്നില്ല. അഞ്ച് ബൗളര്‍മാരെ മാത്രം രംഗത്തിറക്കുന്നതും സാഹസികമാണ്. ആറാം ബൗളറായി റിയാന്‍ പരാഗുമുണ്ട്.

പക്ഷേ ആറാമന് അവസരം നല്‍കാതെ മുഖ്യ ബൗളര്‍മാരില്‍ വിശ്വാസമര്‍പ്പിക്കുന്ന സഞ്ജു ഇന്ന് കിരീടം സ്വന്തമാക്കിയാല്‍ അത് ചരിത്രമാണ്. ഇത് വരെ ഒരു മലയാളി നായകനും ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടില്ല. ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച ഷെയിന്‍ വോണിന് സഞ്ജുവിനും ടീമിനും നല്‍കാനാവുന്ന ഏറ്റവും വലിയ മരണാനന്തര ബഹുമതി കൂടിയാവും കിരീടം.

കൂള്‍ ഹാര്‍ദിക് പാണ്ഡ്യ

അഹമ്മദാബാദ്: ഹാര്‍ദിക് പാണ്ഡ്യയുടെ നായക വളര്‍ച്ചയില്‍ ആശങ്കാകുലരാണ് രോഹിത് ശര്‍മയെ പോലുള്ള, കെ.എല്‍ രാഹുലിനെ പോലുള്ള ഇന്ത്യന്‍ നായകര്‍. കഴിഞ്ഞ ടി-20 ലോകകപ്പ് ഉള്‍പ്പെടെ ദേശീയ നിരയില്‍ നിന്ന് പരുക്കില്‍ മാറിയ ഹാര്‍ദിക് ഇത്തവണ ഐ.പി.എല്ലില്‍ പ്രത്യക്ഷപ്പെട്ടത് നായകനായിട്ടായിരുന്നു. മുംബൈ ഇന്ത്യന്‍ സംഘത്തില്‍ രോഹിത് ശര്‍മക്ക് കീഴില്‍ കളിച്ച താരം ഐ.പി.എല്ലില്‍ പുതിയ ടീം വന്നപ്പോള്‍ അതിന്റെ അമരക്കാരനായി.

പിന്നെ കണ്ടതെല്ലാം ചരിത്രമാണ്. വിജയഗാഥ. തുടക്കം മുതല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം. നായകനായും ബാറ്ററായും ബൗളറായുമെല്ലാം തിളക്കം. ആദ്യ ക്വാളിഫയറിലും തകര്‍പ്പന്‍ വിജയം. ഹാര്‍ദിക്കിനും ടീമിനും അര്‍ഹിച്ചതാണ് ഇത്തവണത്തെ കിരീടമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയുമ്പോള്‍ കിരീടം നേടിയാല്‍ ദേശീയ ടീമിന്റെ നായകസ്ഥാനത്തേക്കും അദ്ദേഹം പരിഗണിക്കപ്പെടും.

Chandrika Web: