X

തദ്ദേശ സ്ഥാപനങ്ങളെ തകർക്കാനുള്ള സർക്കാർ ശ്രമങ്ങളെ ചെറുക്കും: പി.എം.എ സലാം

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം പിടിച്ചു വെക്കുന്ന സർക്കാർ നടപടി ഗുരുതര പ്രതിസന്ധിയുണ്ടാക്കുന്നതായി മുസ്ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി എം എ സലാം ആരോപിച്ചു. ജൂലൈ മാസത്തിൽ നൽകേണ്ട ബജറ്റ് വിഹിതത്തിന്റെ രണ്ടാം ഗഡു ഇതേ വരെ വിതരണം ചെയ്തിട്ടില്ല.

തന്മൂലം പാലിയേറ്റീവ് പരിചരണ പദ്ധതി ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികളും അടിസ്ഥാന വികസന പ്രവർത്തനങ്ങളും വഴിമുട്ടിയിരിക്കയാണ്. പ്രാദേശിക സർക്കാറുകളുടെ അധികാരവും ഫണ്ടും കവർന്നെടുക്കുന്ന സമീപനമാണ് ഇടതു സർക്കാർ തുടക്കം മുതൽ സ്വീകരിച്ചു വരുന്നത്. ഈ വർഷം സ്ഥിതി കൂടുതൽ ഗുരുതരമാണ്.

ഫണ്ട് എന്ന് ലഭിക്കും എന്നതിൽ പോലും വ്യക്തതയില്ല.തുടർച്ചയായി രണ്ടാം വർഷവും റോഡ്‌ മെയിന്റനൻസ്‌ ഗ്രാന്റ്‌ വെട്ടിക്കുറച്ചിരിക്കയാണ്.
162 ഗ്രാമ പഞ്ചായത്തുകളുടെയും 11 മുനിസിപ്പാലിറ്റിയുടെയും റോഡ്‌ ഫണ്ടിലാണ് കുറവ്‌ വരുത്തിയിരിക്കുന്നത്.

ഭരണ സമിതി അംഗീകരിച്ച്‌ ഡി പി സിക്ക്‌ സമർപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷം സാങ്കേതികാനുമതിക്കായി സമർപ്പിക്കാനിരിക്കെയാണ് ഫണ്ട്‌ വെട്ടിക്കുറച്ചത്‌. ഇതോടെ എല്ലാ നടപടിയും പൂർത്തീകരിച്ച പദ്ധതികൾ ഒഴിവാക്കേണ്ട സ്ഥിതിയാണ്. പിടിച്ചു വെച്ച ഫണ്ട് ഉടൻ അനുവദിക്കണമെന്നുo വെട്ടിക്കുറച്ച മെയിന്റനൻസ് ഗ്രാന്റ് പുസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തദ്ദേശസ്ഥാപനങ്ങളെ ഇരയാക്കരുത്.
രാജ്യത്തിന് മാതൃകയായ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളെ ക്ഷയിപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. വിഷയത്തെ സർക്കാർ ഗൗരവപൂർവം പരിഗണിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിന് മുസ്ലിം ലീഗ് നേത്യത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

webdesk13: