X

ടി-20 ലോകകപ്പിനെ മഴ സ്വന്തമാക്കുമോ…?

മെല്‍ബണ്‍: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി-20 ലോകകപ്പിനെ മഴ സ്വന്തമാക്കുമോ…? സാധ്യത ആ വഴിക്കാണ്. ഇന്നലെ ദക്ഷിണ ഓസ്‌ട്രേലിയന്‍ നഗരങ്ങളില്‍ കനത്ത മഴയായിരുന്നു. ഇത് കാരണം ഇന്ത്യ-ന്യുസിലന്‍ഡ് സന്നാഹ മല്‍സരത്തില്‍ ഒരു പന്ത് പോലുമെറിയാനായില്ല. വരും ദിവസങ്ങളിലും കനത്ത ഇടിയും മഴയുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. സൂപ്പര്‍ 12 ലെ ആദ്യ മല്‍സരം നടക്കുന്ന സിഡ്‌നിയിലാവും ഞായറാഴ്ച്ച ഇന്ത്യ-പാകിസ്താന്‍ തകര്‍പ്പനങ്കം നടക്കാനിരിക്കുന്ന മെല്‍ബണിലും കനത്ത മഴക്കാണ് സാധ്യത.

ഇന്ത്യ-പാക് മല്‍സരം പ്രാദേശിക സമയം രാത്രി ഏഴ് മണിക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ ദിവസം വലിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ മല്‍സരത്തിനുള്ള ടിക്കറ്റുകള്‍ ഏറെക്കുറെ പൂര്‍ണമായും വീറ്റഴിഞ്ഞിരിക്കെ ഡെക്‌വര്‍ത്ത്് ലൂയിസ് നിയമത്തിന്റെ ഇടപെടലിനാണ് കാര്യമായ സാധ്യത. ശനിയാഴ്ച്ച ആദ്യ മല്‍സരത്തില്‍ അയല്‍ക്കാരായ ഓസ്‌ട്രേലിയയും കിവീസും മുഖാമുഖം വരുമ്പോള്‍ സിഡ്‌നിയില്‍ 80 ശതമാനം മഴക്കാണ് സാധ്യത. ആ ദിവസം വൈകീട്ട് കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്, ഇടിക്കും മിന്നിലും സാധ്യതയുമുണ്ട്- കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ച്ച 80 ശതമാനമാണ് മഴക്ക് സാധ്യതയെങ്കില്‍ ഇന്ത്യ-പാക് പോരാട്ടം നടക്കുന്ന ഞായറില്‍ 90 ശതമാനമാണ് മഴ സാധ്യത.

ലോകകപ്പിലെ ഒരു മല്‍സരത്തിനും റിസര്‍വ് ദിനമില്ല. അതിനാല്‍ മഴ തുടര്‍ന്നാല്‍ ലോകകപ്പിന്റെ ആവേശം തന്നെ ചോരും. മിനിമം അഞ്ച് ഓവറെങ്കിലും മല്‍സരം നടന്നാല്‍ മാത്രമാണ് ഫലമുണ്ടാവുക. പൂര്‍ണമായും കളി നടക്കാത്തപക്ഷം പോയിന്റ് പങ്ക് വെക്കപ്പെടും. സൂപ്പര്‍ 12 ലെ സ്ഥാനങ്ങള്‍ക്കായി നടക്കുന്ന യോഗ്യതാ മല്‍സരങ്ങളുടെ അവസാന പോരാട്ടങ്ങള്‍ നടക്കുന്ന ഇന്നും നാളെയുമെല്ലാം മഴ തന്നെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയുടെ ദക്ഷിണ-പൂര്‍വ ഭാഗങ്ങളിലാണ് മഴക്ക് സാധ്യതയെങ്കില്‍ പെര്‍ത്ത്് ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ നല്ല കാലാവസ്ഥയാണ് പറയപ്പെടുന്നത്. മല്‍സരങ്ങള്‍ വിവിധ വേദികളിലായതിനാല്‍ മാറ്റങ്ങള്‍ക്കും സാധ്യത കുറവാണ്. അതിനാല്‍ നിയമം കളിക്കാനാണ് സാധ്യത.

Test User: