X
    Categories: indiaNews

ഞാനൊന്നും പറയുന്നില്ല; ആ ചോദ്യത്തിന് രാഹുലിന് മാത്രമേ ഉത്തരം നല്‍കാനാകൂ- പ്രിയങ്ക

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സഹോദരി പ്രിയങ്ക ഗാന്ധി. ഈ ചോദ്യത്തിന് രാഹുലിന് മാത്രമേ ഉത്തരം നല്‍കാനാകൂ എന്ന് അവര്‍ പറഞ്ഞു. എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷമാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിഞ്ഞത്. പിന്നീട് പല തവണ പദവി ഏറ്റെടുക്കാന്‍ രാഹുലിന് മേല്‍ സമ്മര്‍ദമുണ്ടായെങ്കിലും രാഹുല്‍ വഴങ്ങാതെ നില്‍ക്കുകയാണ്. രാഹുല്‍ തന്നെ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളട്ടെ എന്ന നിലപാടിലാണ് ഗാന്ധി കുടുംബം. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാള്‍ നേതൃത്വത്തില്‍ വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചും പ്രിയങ്ക അഭിമുഖത്തില്‍ വിശദമായി സംസാരിച്ചു. ‘ലോക്ക്ഡൗണില്‍ ധാരാളം സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ എല്ലാം ഇടപെടും. അനീതിയുണ്ടാകുമ്പോള്‍ അവിടേക്ക് പോകും. സംസ്ഥാനത്തെ അറുപതിനായിരം ഗ്രാമങ്ങളില്‍ ഞങ്ങള്‍ക്ക് വളണ്ടിയര്‍മാരുണ്ടാകും. ശക്തമായ അടിത്തറയുള്ള പ്രസ്ഥാനമായി കോണ്‍ഗ്രസിനെ മാറ്റുകയാണ്’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ഡല്‍ഹിയില്‍ നിന്ന് ഭരിക്കാനാകില്ല. അതു കൊണ്ടാണ് ഞങ്ങല്‍ നിരന്തരം യുപിയില്‍ പോകുന്നത്. സംസ്ഥാനത്ത് പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാകുമോ എന്ന ചോദ്യത്തിന് അങ്ങനെയൊന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ അറിയും എന്നായിരുന്നു അവരുടെ പ്രതികരണം.

ഹത്രാസ് സംഭവത്തില്‍ ബിജെപി സര്‍ക്കാറിന്റെ നടപടികളെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. അര്‍ധരാത്രിയാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കത്തിച്ചു കളഞ്ഞത്. അത് കുടുംബത്തിന്റെ സമ്മതത്തോടു കൂടിയായിരുന്നില്ല. അത് കുടുംബം വീണ്ടും വീണ്ടും പറഞ്ഞിട്ടുണ്ട്. മൊത്തത്തില്‍ ഗുരുതരമായ ചോദ്യങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ നടപടികള്‍ ക്രൂരമായിരുന്നു- അവര്‍ കൂട്ടിച്ചേര്‍ത്തു.

Test User: