ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയുമോ എന്ന് കോണ്‍ഗ്രസ് നേതാവ് ചരണ്‍ സിങ് സപ്ര. 1984 ലെ സിഖ് കലാപവുമായി ബന്ധപ്പെട്ട് അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു കൊണ്ട് സോണിയാഗാന്ധി മാപ്പു പറഞ്ഞത് പോലെ ബാബരി മസ്ജിദ് കേസില്‍ മോദി മാപ്പു പറയുമോ എന്ന വെല്ലുവിളിയുമായി ചരണ്‍ സിങ് സപ്ര രംഗത്തെത്തി.
ബ്ലൂസ്റ്റാര്‍ സൈനിക നടപടിയുടെയും സിഖ് വിരുദ്ധ കലാപത്തിന്റെയും പേരില്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുന്ന ബിജെപിയോടാണ് ദേശീയ ചാനല്‍ ന്യൂസ്18 സംഘടിപ്പിച്ച ചര്‍ച്ചാ പരിപാടിക്കിടെ ചരണ്‍ സിങ് ചോദ്യം ഉന്നയിച്ചത്. സിഖ് വിരുദ്ധ കലാപത്തിന്റെ പേരില്‍ സംഭവിച്ച തെറ്റിന് കഴിഞ്ഞ 33 വര്‍ഷമായി കോണ്‍ഗ്രസിനെ ബിജെപി കുറ്റപ്പെടുത്തുന്നു. 1992ല്‍ കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം രാജ്യത്ത് വന്‍ കലാപമുണ്ടാകുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത സാഹചര്യമുണ്ടായി. ഈ വിഷയത്തില്‍ നരേന്ദ്രമോദി ഡല്‍ഹിയിലെ ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മാപ്പ് പറയുമോ എന്നും അദ്ദേഹം ചോദിച്ചു.
ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായിരുന്ന കാലത്ത് സിഖുകാരുടെ പുണ്യകേന്ദ്രമായ അമൃത്‌സറിലെ സുവര്‍ണക്ഷേത്രം സൈനിക നടപടിയിലൂടെ ആക്രമിക്കപ്പെട്ടത് സിഖ് സമുദായത്തിന്റെ രോഷത്തിന് ഇട വരുത്തിയിരുന്നു. സ്വതന്ത്ര്യ സിഖ് രാജ്യമായ ഖാലിസ്ഥാന്റെ രൂപവത്കരണത്തിനായി പ്രക്ഷോഭം നടത്തുന്ന കലാപകാരികളെ നേരിടാന്‍ കൊണ്ടു വന്ന ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍’ എന്ന സൈനിക നടപടിയില്‍ കലാപകാരികളും തീര്‍ത്ഥാടകരുമടക്കം നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടതോടെ ഇന്ദിരാഗാന്ധിയുടെ ജീവന് തുടര്‍ച്ചയായ ഭീഷണികളുണ്ടായിരുന്നു.
അതേസമയം, ചരണ്‍ സിങ്ങിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് വന്നു. കലാപം കുത്തിപ്പൊക്കി ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ആണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഷാ പ്രതികരിച്ചു. ദേശവിരുദ്ധ സംഘടനയില്‍ നിന്നും പണം കൈപ്പറ്റിയ ഉന പ്രക്ഷോഭത്തിന്റെ നേതാവ് ജിഗ്‌നേഷ് മേവാനിയുമായി കോണ്‍ഗ്രസ് കൂട്ടുകൂടുകയും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കുകയും ചെയ്തത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.