X

പുകഞ്ഞൊടുങ്ങുമോ പാകിസ്താന്‍- എഡിറ്റോറിയല്‍

സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍നിന്ന് അടര്‍ത്തിമാറ്റപ്പെട്ട പാകിസ്താന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. കുതിച്ചുയരുന്ന വിലക്കയറ്റവും അവശ്യസാധന ക്ഷാമവും സമ്പദ്ഘടനയെ തളര്‍ത്തുമ്പോള്‍ മറുഭാഗത്ത് കാല്‌വാരിയും കുതികാല്‍ വെട്ടിയും വിനോദിക്കുകയാണ് രാഷ്ട്രീയ വര്‍ഗം. ജീവിത ദുരിതത്തില്‍ ജനങ്ങള്‍ നീറിക്കഴിയുമ്പോള്‍ ലാഹോറില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ വസതി കേന്ദ്രീകരിച്ചാണ് രാജ്യത്തിന്റെ കണ്ണും കാതുമെല്ലാം. ഇമ്രാന്‍ഖാന്റെ അനുയായികളും പൊലീസും തമ്മിലുള്ള ഏമുട്ടലില്‍ പാകിസ്താനിയുടെ പട്ടിണി ഗൗരവ വിഷയമല്ലാതായിമാറുന്നു. രാഷ്ട്രീയ വരേണ്യവര്‍ഗത്തിന് വിഷപ്പിന്റെ നോവ് അറിയില്ലെങ്കിലും ലാഹോറിലെ സാധാരണക്കാരന്‍ അത് നല്ല പോലെ അനുഭവിക്കുന്നുണ്ട്. ഒരു കിലോ ഗ്രാം ആട്ടക്ക് 200 പാകിസ്താന്‍ രൂപയാണ് വില. ഒരു കിലോ സവാളക്ക് 152 രൂപ കൊടുക്കണം. അങ്ങനെ സകല സാധനങ്ങളും തൊട്ടാല്‍ പൊള്ളുന്ന വിലയുമായി നില്‍ക്കുമ്പോള്‍ ഇമ്രാന്‍ഖാനെ തേടി എന്തിനീ കോലാഹലമെന്ന് ചോദിച്ചാല്‍ മറുപടിക്ക് ആളെ കിട്ടിയെന്ന് വരില്ല. രാഷ്ട്രീയ പകപോക്കില്‍ മാത്രമായി ഭരണവര്‍ഗം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ആ രാജ്യം നാഥനില്ലാതെ പൊരിവെയിലില്‍ അലയുകയാണ്.

ഇമ്രാന്‍ഖാന്‍ എന്ന രാഷ്ട്രീയക്കാരനും പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹം വിറ്റുവെന്ന് പറയപ്പെടുന്ന സമ്മാനങ്ങളും മാത്രമാണ് പാക് മാധ്യമങ്ങളുടെ സജീവ ചര്‍ച്ച. അധികാരികള്‍ ആഗ്രഹിക്കുന്നതും അതായിരിക്കാം. അന്നം കിട്ടാതെ കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ ലാഹോറിലെ കോലാഹങ്ങളില്‍ അലിഞ്ഞുപോകണമെന്ന് അവര്‍ കണക്കുകൂട്ടിക്കാണും. ക്രിക്കറ്റില്‍നിന്ന് വിരമിച്ചശേഷം പാകിസ്താന്റെ രാഷ്ട്രീയ കളത്തിലേക്ക് ചുവടുമാറ്റിയ ഇമ്രാന്‍ ഖാന്‍ മുഖ്യധാരാപാര്‍ട്ടികളുടെ ഉറക്കംകെടുത്തി തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിന്റെ ഭരണചക്രം തിരിച്ചുതുടങ്ങിയ അദ്ദേഹത്തെ ഒതുക്കിയില്ലെങ്കില്‍ വൈകാതെ തങ്ങള്‍ പട്ടിണിയാകുമെന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി)ക്കും പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് (പി.എം.എല്‍.എന്‍) പാര്‍ട്ടിക്കും അറിയാം. ഒരുകാലത്ത് ബദ്ധവൈരികളായിരുന്ന അവര്‍ ഇമ്രാനെ ഒതുക്കുകയെന്ന മിനിമം അജണ്ടയില്‍ കൈകോര്‍ത്തവരാണ്. അടുത്ത തിരഞ്ഞെടുപ്പിന്മുമ്പ് ലക്ഷ്യം കൈവരിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പക്ഷേ, പാകിസ്താന്റെ ക്രിക്കറ്റ് ക്യാപ്റ്റനായി പയറ്റിത്തെളിഞ്ഞ ഇമ്രാനെ മുട്ടുകുത്തിക്കുക എളുപ്പമല്ലെന്ന് നാളിതുവരെയുള്ള അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്രിക്കറ്റില്‍നിന്ന് വിടവാങ്ങി ജീവിതത്തിന്റെ പുതിയ കളത്തില്‍ ബാറ്റിങ് തുടങ്ങുമ്പോള്‍ അദ്ദേഹം വിജയിക്കുമോ എന്ന് സംശയിച്ചവര്‍ ഏറെയുണ്ടായിരുന്നു.

1992ല്‍ പാകിസ്താനെ ലോക ക്രിക്കറ്റ് കിരീടം ചൂടിച്ച അദ്ദേഹം 1996ല്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ) രൂപീകരിച്ചാണ് രാഷ്ട്രീയത്തിലേക്കു ചുവടുവെച്ചത്. അന്ന് ആരും കാര്യമാക്കിയിരുന്നില്ല. ക്രിക്കറ്റ് പോലെയല്ലോ രാഷ്ട്രീയം. ഗോള്‍ഡന്‍ ഡക്കായി ഇമ്രാന്‍ പുറത്തുപോകുമെന്നാണ് കൂടെയുള്ളവര്‍ പോലും കണക്കുകൂട്ടിയത്. പക്ഷേ, പാക് രാഷ്ട്രീയത്തില്‍ നിറഞ്ഞാടി കളിക്കുന്ന വമ്പന്മാരെ മുഴുവന്‍ അമ്പരപ്പിച്ച് അദ്ദേഹം അതിവേഗം ഫോമിലേക്ക് ഉയര്‍ന്നു. ആദ്യ ബൗളുകളില്‍ റണ്‍സ് നേടാതെ മുട്ടി നിന്നെങ്കിലും 2002ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹം പാര്‍ലമെന്റിലേക്ക് തല ഉയര്‍ത്തി കടന്നുവന്നു. പര്‍വേസ് മുഷറഫ് എന്ന പട്ടാള ഭരണാധികാരിയുടെ പിടിയിലായിരുന്നു അന്ന് പാകിസ്താന്‍. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ രാജ്യം അനവധി വെല്ലുവിളികള്‍ നേരിടുന്ന സമയം. കരുതലോടെയായിരുന്നു ഇമ്രാന്റെ ഓരോ നീക്കങ്ങളും. മുഷറഫ് യുഗത്തിലെ അരക്ഷിതാവസ്ഥയില്‍ പാക് ജനതക്ക് രാഷ്ട്രീയത്തില്‍ മനംമടുത്തു തുടങ്ങിയിരുന്നു. മുഖ്യധാരാ പാര്‍ട്ടികളില്‍നിന്ന് മാനസികമായി അകന്നുതുടങ്ങിയ അവര്‍ ഇമ്രാഖാനില്‍ പ്രതീക്ഷയര്‍പ്പിച്ചു. മുന്‍ പാക് ക്രിക്കറ്റ് ക്യാപ്റ്റനിനെ പോരാട്ട വീര്യം ഉണര്‍ന്നു. 2008ലെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് പുതിയൊരു രാഷ്ട്രീയ തന്ത്രവുമായാണ് അദ്ദേഹം മുഷറഫിനെ നേരിട്ടത്. മികച്ച അവസരത്തിനുവേണ്ടി ക്ഷമയോടെയുള്ള കാത്തിരിപ്പായിരുന്നു അത്. 2013ലെ പൊതുതിരഞ്ഞെടുപ്പില്‍ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് എന്ന പാര്‍ട്ടി ഇമ്രാന്‍ഖാന്റെ ചിറകിലേറി വിജയക്കുതിപ്പ് തുടങ്ങി. 2018ല്‍ അദ്ദേഹം പ്രധാനമന്ത്രി പദത്തിലുമെത്തി. രാജ്യത്തിന്റെ നിരവധി പ്രവിശ്യകളിലും പാര്‍ട്ടി അധികാരം പിടിച്ചെടുത്തതോടെ കളി കാര്യമായെന്ന് എല്ലാവര്‍ക്കും ബോധ്യമായി. തുടക്കത്തില്‍ കൂടെയുണ്ടായിരുന്ന സൈന്യത്തിനുപോലും ഇമ്രാന്റെ ഗ്യാലറി സപ്പോര്‍ട്ട് പേടിയുണ്ടാക്കി.

ക്രിക്കറ്റില്‍ ഇമ്രാന്‍ എന്ന ക്യാപ്റ്റനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. രാഷ്ട്രീയത്തില്‍ ശത്രുക്കളുടെ വലിയൊരു നിരയാണ് അദ്ദേഹത്തെ വലയം ചെയ്തിരിക്കുന്നത്. 2022 നവംബര്‍ മൂന്നിന് പ്രതിഷേധ റാലിക്കിടെ നടന്ന വധശ്രമത്തില്‍നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഇമ്രാന്‍ ഖാനെ ഉന്മൂലനം ചെയ്യാന്‍ ചില ശക്തികള്‍ അവസരം പാര്‍ത്തിരിക്കുന്നുണ്ടെന്ന് അനുയായികള്‍ക്ക് അറിയാം. കോടതിയില്‍ എത്തുമ്പോള്‍ അദ്ദേഹത്തെ അപായപ്പെടുത്തിയേക്കുമെന്ന് 100 ശതമാനം ഉറപ്പുണ്ടെന്ന് പി.ടി.ഐ നേതാക്കള്‍ ലാഹോര്‍ ഹൈക്കോടതിയെ അറിയിച്ചത് അതുകൊണ്ടാണ്. പാക് രാഷ്ട്രീയത്തിലെ കുടിപ്പകകള്‍ കണ്ട് പരിചയിച്ച ലോകം പാകിസ്താന്റെ ഭാവിയില്‍ ആശങ്കയുണ്ട്. ഇമ്രാന്‍ഖാന്‍ എന്ന രാഷ്ട്രീയക്കാരന്റെ പിന്നാലെ നടക്കുമ്പോള്‍ കൂപ്പുകുത്തുന്ന സമ്പദ്ഘടന അജണ്ടക്ക് പുറത്തുപോകുന്നു. രാഷ്ട്രീയം രാജ്യ നന്മക്കുള്ളതാണെന്നും അധികാരത്തിനപ്പുറം സമഗ്ര പുരോഗതിയാണ് ആവശ്യമെന്നും തിരിച്ചറിവുള്ള ഒരു നേതൃത്വത്തിന് കീഴിലല്ലാതെ ഇനി പാകിസ്താന് രക്ഷയില്ല.

webdesk11: