ന്യൂഡല്‍ഹി: പൗരന്മാരുടെ മൗലിക അവകാശം ലംഘിക്കപ്പെടുമ്പോള്‍ ഇടപെടാതിരിക്കില്ലെന്ന് സുപ്രീം കോടതി. ഇടപെടാതിരിക്കുന്നത് സുപ്രീം കോടതിയുടെ അനുഛേദം 136ന്റ ലംഘനമാവുമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. സുപ്രീം കോടതിയെ സംബന്ധിച്ച് ഒരു കേസും ചെറുതല്ലെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വ്യക്തിസ്വതന്ത്ര്യം ഹനിക്കപ്പെടുന്ന കേസുകളില്‍ ഇടപെട്ട് ആശ്വാസം പകരാനാവുന്നില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് ചീഫ് ജസ്റ്റിസും ജസ്റ്റിസ് പിഎസ് നരസിംഹയും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇലക്ട്രിസിറ്റി നിയമപ്രകാരം പതിനെട്ടു വര്‍ഷം ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടയാളുടെ ഹര്‍ജിയില്‍ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇലക്ട്രിസിറ്റി നിയമപ്രകാരം ഒന്‍പതു കേസുകളിലായി പതിനെട്ടു വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇമ്രാന്‍ ആണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഓരോ കേസിലും രണ്ടു വര്‍ഷമാണ് ശിക്ഷയെങ്കിലും അത് വെവ്വേറെ അനുഭവിക്കേണ്ടതുണ്ടെന്ന് ജയില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതു ശരിവച്ച ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇമ്രാന്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അലബാഹാദ് ഹൈക്കോടതിയുടേത് തെറ്റായ നീതി നടപ്പാക്കല്‍ ആയിരുന്നെന്നും സുപ്രീം കോടതി വിലയിരുത്തി.