X

‘പേടിച്ച് രാജ്യം വിടാനില്ല, യോഗിയുടേത് പ്രതികാര നടപടി’; തുറന്നടിച്ച് ഡോ.കഫീല്‍ഖാന്‍

ലക്‌നോ: ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ജയിലിലായ ഡോ.കഫീല്‍ഖാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സര്‍ക്കാറിനുമെതിരെ രംഗത്ത്.

യോഗി സര്‍ക്കാര്‍ തന്നോട് പകയോടെയാണ് പെരുമാറുന്നത്. യു.പിയിലെ സര്‍ക്കാര്‍ തന്നെ സംഭവത്തില്‍ ബലിയാടാക്കുകയായിരുന്നു. നിസ്വാര്‍ത്ഥമായ സേവനമാണ് താന്‍ ലക്ഷ്യമിട്ടത്. സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആസ്പത്രി ഗൊരഖ്പൂരില്‍ ആരംഭിക്കുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.

പല രാജ്യത്തു നിന്നും തനിക്ക് ക്ഷണമുണ്ട്. എന്നാല്‍ പേടിച്ച് ഇന്ത്യ വിടാന്‍ താന്‍ തയാറല്ല. സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുക്കാതെ പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഗോരഖ്പൂരില്‍ സ്വന്തം ക്ലിനിക്ക് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജാമ്യത്തിലിറങ്ങിയ ശേഷം ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രക്ഷിക്കാന്‍ ശ്രമിച്ച തന്നെ ശിക്ഷിക്കുകയായിരുവെന്ന് പറഞ്ഞാണ് കഫീല്‍ ഖാന്‍ സംസാരമാരംഭിച്ചത്. കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ ഓക്‌സിജന്‍ വിതരണം മുടങ്ങുമെന്ന് ഓക്‌സിജന്‍ വിതരണ കമ്പനി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ കത്തയച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. അവധിയിലായിരുന്നിട്ടും സംഭവം അറിഞ്ഞ ഉടന്‍ ഓടിയെത്തി ജോലി ചെയ്ത തന്നെ കുറ്റക്കാരനാക്കി. സ്വന്തം നിലയില്‍ വരെ ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കാന്‍ ശ്രമിച്ചു, കഫീല്‍ഖാന്‍ പറഞ്ഞു.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ രക്ഷിതാക്കളും തന്നെ കാണാനെത്തിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ച വിശ്വാസമുണ്ടായിട്ടും സഹപ്രവര്‍ത്തകരുടെ നിര്‍ദേശം കേട്ട് ഒളിവില്‍ പോയതാണ് താന്‍ ചെയ്ത അബദ്ധം. സത്യം വിളിച്ചു പറയാതെ ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയതിന് ലഭിച്ച ഏറ്റവും വലിയ ശിക്ഷയാണ് എട്ടു മാസത്തെ ജയില്‍ വാസം. ഇനി പേടിച്ച് മിണ്ടാതിരിക്കില്ലെന്നും കഫീല്‍ഖാന്‍ പറഞ്ഞു.

chandrika: